എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) അധികാരങ്ങൾ ശരിവെച്ച്‌ സുപ്രീംകോടതി



ന്യൂഡൽഹി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ)ത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനുള്ള വിശാല അധികാരങ്ങൾ ശരിവച്ച്‌ സുപ്രീംകോടതി.  അറസ്റ്റിനും ആസ്‌തി കണ്ടുകെട്ടാനും, റെയ്‌ഡ് നടത്താനും വസ്‌തുക്കൾ പിടിച്ചെടുക്കാനും ഇഡിക്കുള്ള അധികാരത്തിന് ഭരണഘടനാസാധുതയുണ്ടെന്ന്  ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വിധിച്ചു.  കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ അറസ്റ്റിന്‌ കാരണം വ്യക്തമാക്കിയാൽ മാത്രം മതി. എല്ലാ കേസിലും കുറ്റാരോപിതർക്ക്‌ എൻഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇൻഫർമേഷൻ റിപ്പോർട്ടിന്റെ (ഇസിഐആർ) പകർപ്പ്‌ നൽകണമെന്നില്ല. കേസിന്റെ ഉള്ളടക്കം വെളിപ്പെടുത്താതെയും അറസ്റ്റ്‌ ചെയ്യാം.  പിഎംഎൽ നിയമത്തിൽ ജാമ്യം അനുവദിക്കാനുള്ള കർശന ഉപാധികൾ ഏർപ്പെടുത്തിയത്‌ ഏകപക്ഷീയമല്ല. നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളും അതിൽത്തന്നെയുണ്ടെന്നും ജസ്റ്റിസുമാരായ ദിനേശ്‌ മഹേശ്വരി, സി ടി രവികുമാർ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു. പിഎംഎൽഎ നിയമത്തിന്‌ ഫിനാൻസ്‌ ആക്ടിലൂടെ ഭേദഗതികൾ കൊണ്ടുവന്നത്‌ പരിശോധിക്കണമെന്ന ആവശ്യം ഏഴംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യംചെയ്‌ത ഇരുനൂറ്റിനാൽപ്പതിലേറെ ഹർജി പരിഗണിച്ചാണ്‌ നിർണായകവിധി. വെള്ളിയാഴ്‌ച വിരമിക്കാനിരിക്കെയാണ്  ജസ്റ്റിസ്‌ ഖാൻവിൽക്കറിന്റെ സുപ്രധാന വിധി പ്രസ്താവം. Read on deshabhimani.com

Related News