പരാതിക്കാരിയുടെ ചൊവ്വാദോഷം പരിശോധിക്കണമെന്ന അലഹബാദ്‌ ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി



ന്യൂഡൽഹി > വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പരാതിക്കാരിയായ പെൺകുട്ടിയുടെ ചൊവ്വാദോഷം പരിശോധിക്കാൻ നിർദേശം നൽകിയ അലഹബാദ്‌ ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി. ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തീർപ്പു കൽപ്പിക്കുന്നതിനിടെയാണ് മേയ്‌ 23ന്‌  ജഡ്‌ജി ബ്രിജ് രാജ് സിംഗ് വിചിത്ര ഉത്തരവ്‌ നൽകിയത്‌. പെൺകുട്ടിക്ക്‌ചൊവ്വാദോഷമുള്ളതിനാലാണ് വിവാഹം ചെയ്യാഞ്ഞതെന്നായിരുന്നു പ്രതിയുടെ വാദം. ഇത്‌ പെൺകുട്ടി എതിർത്തുവെങ്കിലും ഇരുവരുടെയും ജാതകം ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗത്തിന്‌ നൽകാനും ഇതിൽ നാലാഴ്‌ചക്കകം റിപ്പോർട്ട്‌ നൽകാനുമായിരുന്നു ലഖ്‌നൗ ബെഞ്ചിന്റെ വിധി. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെ ശനിയാഴ്‌ച പ്രത്യേക സിറ്റിങ് നടത്തിയ സുപ്രീംകോടതി ജഡ്‌ജിമാരായ സുധാംശു ധൂലിയയും പങ്കജ് മിത്തലും ഉത്തരവ്‌  സ്‌റ്റേ ചെയ്‌തു. ജ്യോതിഷ റിപ്പോർട്ട് എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലന്ന്‌ പറഞ്ഞ കോടതി പ്രതിയുടെ ജാമ്യാപേക്ഷ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കാൻ ഹൈക്കോടതിക്ക്‌ നിർദേശം നൽകി. ഹൈക്കോടതി നടപടിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു.   Read on deshabhimani.com

Related News