വിവാഹേതര ലൈംഗികബന്ധം കുറ്റമല്ല ; വിധി സേനയില്‍‌ ബാധകമാക്കരുതെന്ന്‌ കേന്ദ്രം



ന്യൂഡൽഹി വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രീംകോടതി വിധി സായുധസേനാ വിഭാഗങ്ങൾക്ക്‌ ബാധകമാക്കരുതെന്ന‌ കേന്ദ്രസർക്കാരിന്റെ അപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. സഹപ്രവർത്തകരുടെ ഭാര്യമാരുമായി വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്ന സൈനികരെ സർവീസിൽനിന്ന്‌ പിരിച്ചുവിടാറുള്ളതിനാൽ ഉത്തരവ്‌‌ സേനാവിഭാഗങ്ങൾക്ക്‌ ബാധകമാക്കരുതെന്നാണ്‌ ആവശ്യം. വിഷയം അഞ്ചംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടാൻ ലിസ്റ്റ്‌ ചെയ്യാമെന്ന്‌ ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. 2018ലെ ഉത്തരവ്‌ സേനാവിഭാഗങ്ങളിൽ അസ്ഥിരത ഉണ്ടാക്കുമെന്ന്‌ കേന്ദ്രസർക്കാർ വാദിക്കുന്നു. വിവാഹേതരബന്ധം കുറ്റമാണെന്ന്‌ സൈനികനിയമങ്ങളിൽ വ്യവസ്ഥ ഇല്ലെങ്കിലും ‘അനുചിതമായ പെരുമാറ്റം’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്‌. 2018 സെപ്‌തംബറിൽ‌ മലയാളിയായ ജോസഫ്‌ ഷൈനിന്റെ ഹർജി പരിഗണിച്ചാണ്‌ വിവാഹേതരബന്ധം കുറ്റകരമാക്കുന്ന ഐപിസി 197–-ാം വകുപ്പ്‌ സുപ്രീംകോടതി റദ്ദാക്കിയത്‌. Read on deshabhimani.com

Related News