ലൈംഗികത്തൊഴിൽ നിയമപരമായ ജോലി ; പൊലീസ്‌ അനാവശ്യമായി ക്രിമിനൽ നടപടി 
സ്വീകരിക്കരുത്‌ : സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്



ന്യൂഡൽഹി ലൈംഗികത്തൊഴിൽ നിയമപരമായ ജോലിയാണെന്നും അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ മറ്റ്‌ ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്നും സുപ്രീംകോടതി. പ്രായപൂർത്തിയായ ലൈംഗികത്തൊഴിലാളി സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതാണെന്ന്‌ വ്യക്തമായാൽ പൊലീസ്‌ ക്രിമിനൽ നടപടി സ്വീകരിക്കരുതെന്നും ജസ്‌റ്റിസുമാരായ എൽ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഉത്തരവിട്ടു. ഏത്‌ തൊഴിലിൽ ഏർപ്പെട്ടവരായാലും ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. റെയ്‌ഡുകൾ നടക്കുന്ന അവസരങ്ങളിൽ ലൈംഗികത്തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്യുകയോ അവഹേളിക്കുകയോ ചെയ്യരുത്‌. സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നത്‌ കുറ്റകരമല്ലെന്ന വസ്‌തുത നിയമപാലകർ മറക്കരുത്‌. എന്നാൽ പെൺവാണിഭകേന്ദ്രം നടത്തുന്നത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്‌ത്രീയിൽനിന്ന്‌ അവരുടെ കുട്ടിയെ ഒരുകാരണവശാലും അകറ്റരുത്‌. പല സ്ഥലത്തും പൊലീസ്‌ അവർക്കുനേരെ നിഷ്‌ഠുരമായി പെരുമാറുന്നുവെന്ന പരാതികളുണ്ട്‌. പൊലീസുകാർക്ക്‌ ബോധവൽക്കരണം നൽകണം. പശ്ചിമബംഗാളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബുദ്ധദേവ്‌ കർമാസാക്കറിന്റെ അപ്പീൽ 2011ൽ സുപ്രീംകോടതി തള്ളി. തുടർന്ന്‌, ലൈംഗികത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കോടതി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ തുടർനടപടിയായാണ്‌ പുതിയ ഉത്തരവ്‌ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്‌.   Read on deshabhimani.com

Related News