ഹൈക്കോടതിക്ക്‌ തെറ്റി ; രൂക്ഷ വിമർശവുമായി സുപ്രീംകോടതി



ന്യൂഡൽഹി മെയ്‌ത്തീ സമുദായത്തിന്‌ പട്ടികവർഗപദവി നൽകണമെന്ന മണിപ്പുർ ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ്‌ പൂർണമായും തെറ്റാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ വിമർശിച്ചു. അത്‌ സ്‌റ്റേ ചെയ്യേണ്ടതാണ്‌. എന്നാൽ, പിശക്‌ തിരുത്താൻ വിവാദ ഉത്തരവ്‌ പുറപ്പെടുവിച്ച ജഡ്‌ജി മുരളീധരന്‌ അവസരം നൽകുകയാണ്‌. ഹൈക്കോടതി ജഡ്‌ജിമാർ ഭരണഘടനാ ബെഞ്ചുകളുടെ വിധികൾക്ക്‌ എതിരായി ഉത്തരവിടുന്ന പ്രവണത വച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം ജസ്റ്റിസ്‌ ജെ ബി പർധിവാലകൂടി അംഗമായ ബെഞ്ച്‌ നിരീക്ഷിച്ചു. അതേസമയം, മണിപ്പുരിലെ സംഘർഷം ആസൂത്രിതമായിരുന്നെന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. കുക്കി ഉൾപ്പെടെയുള്ള ചില ഗോത്രവിഭാഗങ്ങൾ വലിയഭീഷണി നേരിടുന്നുവെന്ന ആശങ്കകൾ കണക്കിലെടുക്കണം. ആശങ്കകൾ പരിഹരിക്കാനും ഗ്രാമങ്ങളിൽ സമാധാനം ഉറപ്പാക്കാനും ചീഫ്‌സെക്രട്ടറി ആവശ്യമായ നടപടിയെടുക്കണം. മണിപ്പുരിൽ നിയമവാഴ്‌ചയും ക്രമസമാധാനവും നിലനിർത്താൻ രാഷ്ട്രീയ, ഭരണ നേതൃത്വത്തിന്‌ ഉത്തരവാദിത്വമുണ്ട്‌. ഉത്തരവാദപ്പെട്ടവർ കർത്തവ്യനിർവഹണത്തിൽ വീഴ്‌ച വരുത്തുന്നില്ലെന്ന കാര്യം ഉറപ്പാക്കണം. മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട്‌ പുതിയ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന്‌ സംസ്ഥാന സർക്കാരിന്‌ സുപ്രീംകോടതി നിർദേശം നൽകി. Read on deshabhimani.com

Related News