കശ്‌മീരിന്റെ പ്രത്യേകപദവി ; ഹർജികൾ പത്തിനുശേഷം പരിഗണിക്കും : സുപ്രീംകോടതി



ന്യൂഡൽഹി ഭരണഘടനയുടെ 370–-ാം വകുപ്പ്‌ റദ്ദാക്കി ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജികൾ ഒക്‌ടോബർ പത്തിനുശേഷം പരിഗണിക്കുമെന്ന്‌ സുപ്രീംകോടതി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ചന്ദ്ര സെന്നാണ്‌ ഹർജികൾ പരാമർശിച്ചത്‌. ദസറ അവധിക്കുശേഷം പരിഗണിക്കാമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ യു യു ലളിത്‌ അറിയിച്ചു. 2019 ആഗസ്‌ത്‌ അഞ്ചിനാണ്‌ അസാധാരണ നീക്കത്തിലൂടെ കേന്ദ്രസർക്കാർ 370–-ാം വകുപ്പ്‌ റദ്ദാക്കിയത്. അത്‌ ചോദ്യം ചെയ്‌തുള്ള 23 ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്‌. ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ ബെഞ്ച്‌ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്‌. 2020 മാർച്ച്‌ രണ്ടിനുശേഷം കേസ്‌ കോടതി പരിഗണിച്ചിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്ക്‌ വിരുദ്ധമായ ഭേദഗതികൾ നടത്താൻ പാർലമെന്റിന്‌ അധികാരമില്ലെന്നും ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയും കോടതിയെ സമീപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News