സുപ്രീംകോടതിയിൽ രണ്ട്‌ പുതിയ ജഡ്‌ജിമാരുടെ നിയമനം അംഗീകരിച്ചു



ന്യൂഡൽഹി> സുപ്രീംകോടതിയിലേക്ക്‌ രണ്ട്‌ പുതിയ ജഡ്‌ജിമാരെ നിയമിക്കണമെന്ന കൊളീജിയം ശുപാർശ അംഗീകരിച്ച്‌ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ സുധാൻശുധുലിയ, ഗുജറാത്ത്‌ ഹൈക്കോടതി ജഡ്‌ജി ജംഷേദ്‌ ബർജോർ പർധിവാല (ജെ ബി പർധിവാല) എന്നിവരുടെ നിയമനം അംഗീകരിച്ചാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. സുപ്രീംകോടതിയിൽ നിലവിൽ 32 ജഡ്‌ജിമാരാണുള്ളത്‌. രണ്ട്‌ ജഡ്‌ജിമാരുടെ ഒഴിവുകൾ നിലവിലുണ്ടായിരുന്നു. പുതിയതായി രണ്ട്‌ ജഡ്‌ജിമാരുടെ നിയമനം കൂടി അംഗീകരിച്ചതോടെ സുപ്രീംകോടതിക്ക്‌ മുഴുവൻ അംഗസംഖ്യയോടെ പ്രവർത്തിക്കാനാകും. അതേസമയം, സുപ്രീംകോടതിയിലെ നിരവധി ജഡ്‌ജിമാർ വരുംമാസങ്ങളിൽ വിരമിക്കും. ജസ്‌റ്റിസുമാരായ വിനീത്‌ശരണും എൽ നാഗേശ്വരറാവും ഈ മാസം 10, ജൂൺ ഏഴ്‌ തിയതികളിൽ വിരമിക്കും. ജൂലൈ 29ന്‌ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ പടിയിറങ്ങും. ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ, ജസ്‌റ്റിസ്‌ ഇന്ദിരാബാനർജി, ജസ്‌റ്റിസ്‌ യു യു ലളിത്‌ എന്നിവർ ആഗസ്‌ത്‌, സെപ്‌തംബർ, നവംബർ മാസങ്ങളിൽ വിരമിക്കും. ജസ്‌റ്റിസ്‌ സുധാൻശുധുലിയ ഉത്തരാഖണ്ഡിലെ ലാൻസ്‌ഡൗൺ സ്വദേശിയാണ്‌. 2008 നവംബറിൽ ഉത്തരാഖണ്ഡ്‌ ഹൈക്കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടു. 2021ൽ അസം– നാഗാലാൻഡ്‌– മിസോറം– അരുണാചൽ പ്രദേശ്‌ ചീഫ്‌ജസ്‌റ്റിസായി. മുംബൈയിൽ ജനിച്ച ജസ്‌റ്റിസ്‌ ജെ ബി പർധിവാല 2011ൽ ഗുജറാത്ത്‌ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടു. Read on deshabhimani.com

Related News