ജഡ്‌ജി നിയമനം: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ താക്കീത്‌



ന്യൂഡൽഹി> ജഡ്‌ജി നിയമത്തിനുള്ള കൊളീജിയം ശുപാർശകൾ നടപ്പാക്കാതെ അടയിരിക്കുന്ന കേന്ദ്രസർക്കാരിനു താക്കീതുമായി സുപ്രീംകോടതി. നിശ്ചയിച്ച സമയക്രമത്തിനുള്ളിൽ നിയമനം നടത്തണമെന്നും നിയമ നടപടി സ്വീകരിക്കാൻ നിർബന്ധിതരാക്കരുതെന്നും കോടതി മുന്നറിയിപ്പുനല്‍കി. കോടതിയലക്ഷ്യ നോട്ടീസ് നൽകാതെ സംയമനം പാലിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തിലുള്ള അതൃപ്‌തി അറിയിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയെ കോടതി ചുമതലപ്പെടുത്തി. കേന്ദ്രനടപടിയിൽ വേദന തോന്നിയെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എ എസ് ഓക്ക എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കൊളീജിയം ശുപാർശ ചെയ്‌ത 11 പേരുകളിൽ തീരുമാനമെടുക്കാത്ത കേന്ദ്രത്തിനെതിരെ കഴിഞ്ഞ വർഷം ഫയൽ ചെയ്‌ത കോടതിയലക്ഷ്യക്കേസ്‌ പരിഗണിക്കവെയാണ്‌ വിമർശം.  കേന്ദ്രസർക്കാരിന്‌ ഫയൽ കൈമാറേണ്ടതില്ല; കോടതി തന്നെ ജഡ്‌ജി നിയമനം നടത്തിക്കോളൂ എന്ന്‌ കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തെയും കോടതി വിമർശിച്ചു. "ആ പരാമർശം സംഭവിക്കാൻ പാടില്ലാത്തതാണ്‌ എന്നുമാത്രമേ അതേ കുറിച്ചു പറയുന്നുള്ളു.ജഡ്ജിമാരെ നിയമിക്കുന്നത് കൊളീജിയമാണെന്നതാണ്‌ രാജ്യത്തെ നിയമം. അത്‌ പാലിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണ്. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നടപ്പാകാത്തതിൽ കേന്ദ്രത്തിനുള്ള നിരാശ പട്ടിക തടഞ്ഞുവച്ചാണോ പ്രകടിപ്പിക്കേണ്ടത്‌. സർക്കാരിന്റെ അഭിപ്രായം കേട്ടശേഷമാണ്‌ പട്ടിക നൽകുന്നത്‌. വീണ്ടും പേരുകൾ ശുപാർശ ചെയ്‌താൽ നിയമനം നടക്കണം. അതാണ്‌ നിയമം'–- എജിയോട് കോടതി പറഞ്ഞു. വകുപ്പ്‌ സെക്രട്ടറിമാരോട്‌ സംസാരിച്ചുവെന്നും വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു എജിയുടെ മറുപടി. കേസ്‌ ഡിസംബർ എട്ടിന്‌ വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News