4 ജഡ്‌ജിമാരുടെ നിയമനം ; കൊളീജിയത്തിൽ 
അഭിപ്രായ വ്യത്യാസം



ന്യൂഡൽഹി സുപ്രീംകോടതിയിൽ നാല്‌ പുതിയ ജഡ്‌ജിമാരെ നിയമിക്കുന്ന കാര്യത്തിൽ കൊളീജിയത്തിൽ അഭിപ്രായവ്യത്യാസം. മലയാളിയായ മുതിർന്ന അഭിഭാഷകൻ ഉൾപ്പെടെ നാലുപേരെ സുപ്രീംകോടതി ജഡ്‌ജിമാരായി ഉയർത്താവുന്നതാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ യു യു ലളിത്‌ നേരത്തെ കൊളീജിയത്തിന്‌ കത്തുനൽകിയിരുന്നു. സെപ്‌തംബർ 30നു നിശ്ചയിച്ചിരുന്ന യോഗം ചേരാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അസാധാരണ നടപടി. എന്നാൽ, ചീഫ്‌ജസ്റ്റിന്റെ കത്തിന്റെമാത്രം അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന്‌ കൊളീജിയം അംഗങ്ങളായ രണ്ട്‌ ജഡ്‌ജിമാർ നിലപാട്‌ അറിയിച്ചു. ചീഫ്‌ ജസ്റ്റിസിനു പുറമേ  ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, സഞ്‌ജയ്‌കിഷൻകൗൾ, എസ്‌ അബ്‌ദുൾനസീർ, മലയാളിയായ കെ എം ജോസഫ്‌ എന്നിവരാണ്‌ കൊളീജിയത്തിലെ മറ്റംഗങ്ങൾ. നവംബർ എട്ടിനാണ്‌ നിലവിലെ ചീഫ്‌ജസ്റ്റിസ്‌ യു യു ലളിത്‌ വിരമിക്കുന്നത്‌. നിലവിലെ ചീഫ്‌ജസ്റ്റിസിനോട്‌ പുതിയ ചീഫ്‌ജസ്റ്റിസിനെ ശുപാർശ ചെയ്യാൻ നിയമമന്ത്രാലയം ഉടൻ ആവശ്യപ്പെടാൻ സാധ്യതയുണ്ട്‌. നിയമന ശുപാർശ നടത്തിക്കഴിഞ്ഞാൽ, വിരമിക്കാൻ പോകുന്ന ചീഫ്‌ജസ്റ്റിസ്‌ പുതിയ ജഡ്‌ജിമാരുടെ നിയമനകാര്യത്തിൽ ഇടപെടുക പതിവില്ല. അങ്ങനെയെങ്കിൽ നിയമനവിഷയത്തിൽ തീരുമാനം വൈകാനാണ്‌ സാധ്യതയെന്ന്‌ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം, കൊളീജിയം അംഗങ്ങളായ ജഡ്‌ജിമാർ നിലപാട്‌ പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചീഫ്‌ ജസ്‌റ്റിസ്‌ രണ്ടാമതും കത്ത്‌ നൽകി. Read on deshabhimani.com

Related News