സുനന്ദാപുഷ്‌കറിന്റെ ദുരൂഹമരണം: ശശിതരൂരിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ ഡൽഹി പൊലീസ്‌



ന്യൂഡൽഹി> സുനന്ദാപുഷ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ്‌ ശശിതരൂർ എംപിയെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ്‌ ഹൈക്കോടതിയെ സമീപിച്ചു. 2021 ആഗസ്‌ത്‌ 18ന്‌ വിചാരണക്കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആത്മഹത്യാപ്രേരണ ഉൾപ്പടെയുള്ള കുറ്റങ്ങളാണ്‌ തരൂരിന്‌ എതിരെ ചുമത്തിയിരുന്നത്‌. ഒരുവർഷത്തെ കാലതാമസത്തിന്‌ ശേഷമാണ്‌ ഡൽഹി പൊലീസ്‌ വിചാരണക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌. കാലതാമസം ക്ഷമിച്ച്‌ അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ ശശിതരൂർ ഉൾപ്പടെയുള്ള കക്ഷികൾക്ക്‌ ജസ്‌റ്റിസ്‌ ദിനേശ്‌കുമാർശർമ നോട്ടീസ്‌ അയച്ചു. ഫെബ്രുവരിയിൽ കേസ്‌ വീണ്ടും പരിഗണിക്കും. അതേസമയം, ഹർജി ഫയൽ ചെയ്യാൻ 15 മാസത്തെ അസാധാരണമായ കാലതാമസമാണ്‌ ഉണ്ടായിട്ടുള്ളതെന്ന്‌ തരൂരിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ്‌പഹ്‌വാ ചൂണ്ടിക്കാണിച്ചു. പെറ്റീഷന്റെ പകർപ്പ്‌ പോലും തന്റെ കക്ഷിക്ക്‌ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പരാതിപ്പെട്ടു. ഇതേതുടർന്ന്‌, പെറ്റീഷനും അനുബന്ധരേഖകളും ശശിതരൂരിന്‌ കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ബന്ധപ്പെട്ട കക്ഷികൾക്ക്‌ അല്ലാതെ മറ്റാർക്കും കൈമാറാൻ പാടില്ലെന്നും തരൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. രേഖകൾ മറ്റുള്ളവർക്ക്‌ കൈമാറിയാൽ മാധ്യമവിചാരണ ഉണ്ടാകാൻ സാധ്യതയുണ്ട്‌. രേഖകൾ കക്ഷികൾക്ക്‌ അല്ലാതെ മറ്റാർക്കും കൈമാറാൻ പാടില്ലെന്ന്‌ കീഴ്‌ക്കോടതി നേരത്തെ ഉത്തരവിട്ടിരുന്ന കാര്യവും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.  രേഖകൾ കക്ഷികൾക്ക്‌ അല്ലാതെ മറ്റാർക്കും കൈമാറരുതെന്ന്‌ ഹൈക്കോടതി നിർദേശം നൽകി. 2014 ജനുവരി 17നാണ്‌ ആഢംബരഹോട്ടലിലെ സ്യൂട്ട്‌റൂമിൽ സുനന്ദാപുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. തരൂരിന്റെ ഔദ്യോഗിക വസതിയിൽ അറ്റക്കുറ്റപണികൾ നടന്നിരുന്നത്‌ കൊണ്ടാണ്‌ ദമ്പതികൾ ഹോട്ടലിലേക്ക്‌ മാറിയത്‌. തരൂരിന്‌ എതിരെ ആത്മഹത്യാപ്രേരണ, ഭർത്തൃപീഡനം തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയിരുന്നത്‌. Read on deshabhimani.com

Related News