രാഘവൻ മാത്രമല്ല; ഒളിക്യാമറയിൽ കുടുങ്ങിയത് കോൺഗ്രസ്, ബിജെപി എംപിമാരടക്കം 15 പേർ



ന്യൂഡൽഹി> ടിവി9 ഭാരത‌്‌വർഷ‌്  ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയത‌് 15 എംപിമാർ. ചാനൽ മൊത്തം 18 എംപിമാരെ സമീപിച്ചിരുന്നു. ഇവരിൽ 15 പേരും തെരഞ്ഞെടുപ്പിൽ നിയമപരമായി അനുവദനീയമായതിന്റെ പലമടങ്ങ‌് വിനിയോഗിച്ചതായി സമ്മതിച്ചു. കള്ളപ്പണം പ്രചാരണത്തിനു ഉപയോഗിച്ചതായും വെളിപ്പെടുത്തി.  തനിക്കെതിരെ  ഒളിക്യാമറ ഓപ്പറേഷൻ നടത്തിയതിനു പിന്നിൽ സിപിഐ ‌എം കോഴിക്കോട‌് ജില്ലാനേതൃത്വമാണെന്ന എം കെ രാഘവൻ എംപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന‌് ഇതിൽനിന്ന‌് വ്യക്തം. തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോയെന്ന‌് പരിശോധിക്കാനാണ‌് ടിവി9   രാജ്യവ്യാപകമായി  ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത‌്. എം കെ രാഘവനെ മാത്രം  തെരഞ്ഞുപിടിച്ച‌് കുടുക്കിയതല്ല.  ബിജെപിയുടെ അഞ്ചും കോൺഗ്രസിന്റെയും സമാജ‌്‌വാദി പാർടിയുടെയും മൂന്ന‌് വീതവും ആർജെഡി, എഐയുഡിഎഫ‌്, എഎപി, ശിരോമണി അകാലിദൾ, ജൻ അധികാർ പാർടി, ലോക‌് ജൻശക്തി പാർടി എന്നിവയുടെ ഓരോന്നും വീതവും എംപിമാരെ ടിവി9 ചാനൽ സമീപിച്ചിരുന്നു; ഒരു സ്വതന്ത്രഅംഗത്തെയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 കോടി രൂപ ചെലവിട്ടുവെന്നും ഇത്തവണ 25 കോടി രൂപ ചെലവ‌് പ്രതീക്ഷിക്കുന്നുവെന്നും മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി രാംദാസ‌് തദസ‌് ചാനലിനോട‌് വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെതുടർന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ രാംദാസിനോട‌് വിശദീകരണം തേടിയിട്ടുണ്ട‌്. ഇത്തവണ വാർധയിൽനിന്നാണ‌് രാംദാസ‌് മത്സരിക്കുന്നത‌്. രാംദാസിനെ അയോഗ്യനാക്കണമെന്ന‌്  മുതിർന്ന കോൺഗ്രസ‌് നേതാവും മുൻമുഖ്യമന്ത്രിയുമായ പ്രഥ്വിരാജ‌് ചവാൻ ആവശ്യപ്പെട്ടു. ബിജെപിയുടെ  ലഖൻലാൽ സാഹു(ചത്തീസ‌്ഗഡ‌്)), ഫഗൻസിങ‌് കുലസ‌്തെ (മധ്യപ്രദേശ‌്), ഉദിത‌്‌രാജ‌്(ഡൽഹി),  ബഹാദൂർസിങ‌് കോലി(മധ്യപ്രദേശ‌്)   എന്നീ  എംപിമാരും  ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി. പഞ്ചാബിൽനിന്നുള്ള സാധു സിങ‌്(എഎപി), ബിഹാറിൽ നിന്നുള്ള പപ്പു യാദവ‌്(സ്വതന്ത്രൻ), മുൻ കോൺഗ്രസ‌് എംപി മഹാബൽ മിശ്ര എന്നിവരും കുടുങ്ങിയിട്ടുണ്ട‌്. തെരഞ്ഞെടുപ്പിൽ വൻതോതിൽ കള്ളപ്പണം ഉപയോഗിച്ചതായും  ഇവർ വെളിപ്പെടുത്തി. കൺസൾട്ടൻസി സമ്പനിയുടെ പ്രതിനിധികൾ എന്ന നിലയിലാണ‌് ചാനൽ റിപ്പോർട്ടർമാർ എംപിമാരെ സമീപിച്ചത‌്. അസോസിയേറ്റഡ‌് ബ്രോഡ‌്കാസ‌്റ്റിങ‌് കമ്പനി പ്രൈവറ്റ‌് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ ഹൈദരാബാദ‌് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവി9 ചാനലിന്റെ ഹിന്ദി സംപ്രേഷണം ആരംഭിച്ചത‌് ഇക്കഴിഞ്ഞ മാർച്ച‌് 30നാണ‌്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷൻ അമിത‌്ഷാ, സമാജ‌്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ‌് യാദവ‌്, കോൺഗ്രസ‌് നേതാവ‌് കപിൽ സിബിൽ,  കേന്ദ്രമന്ത്രിമാരായ അരുൺ ജെയ‌്റ്റ‌്‌ലി, രാജ‌്നാഥ‌്സിങ‌് എന്നിവർ പങ്കെടുത്ത സെമിനാർ ഹിന്ദി ചാനലിന്റെ  ഉദ‌്ഘാടനത്തോടനുബന്ധിച്ച‌് സംഘടിപ്പിച്ചിരുന്നു. തെലുങ്ക‌്, മറാത്തി, കന്നട, ഗുജറാത്തി എന്നീ ഭാഷകളിലും  ടിവി 9 സംപ്രേഷണം ചെയ്യുന്നുണ്ട‌്. ഇന്ത്യ ടിവിയുടെ മുൻ എഡിറ്റർ ഹേമന്ത‌് ശർമയാണ‌് ടിവി9 ചാനലിനെ നയിക്കുന്നത‌്. സിപിഐ എം നേതാക്കൾ ഇടപെട്ടാണ‌് ചാനൽ പ്രതിനിധികളെ എം കെ രാഘവന്റെ കോഴിക്കോട‌് ഓഫീസിൽ കൊണ്ടുവന്ന‌് ഒളിക്യാമറ ഓപ്പറേഷൻ നടത്തിയതെന്ന വാദം  പരിഹാസ്യമാകുന്നത‌് ഈ സാഹചര്യത്തിലാണ‌്. Read on deshabhimani.com

Related News