കള്ളപ്പണം വെളുപ്പിക്കൽ കേസ്‌ : സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും



ന്യൂഡൽഹി> നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ രണ്ടാംദിനമായ ചൊവ്വാഴ്ച ആറുമണിക്കൂർ ചോദ്യംചെയ്‌തു. മൂന്നാംഘട്ട ചോദ്യംചെയ്യലിന്‌ ബുധനാഴ്ച ഹാജരാകണം. ചൊവ്വ പകൽ 11ന്‌ ഇഡി ഓഫീസിൽ എത്തിയ സോണിയയെ രണ്ടുവരെ ചോദ്യംചെയ്‌തു. ഉച്ചഭക്ഷണത്തിനുശേഷം മൂന്നരയോടെ ഹാജരായ സോണിയയെ  രാത്രി ഏഴിന്‌ വിട്ടയച്ചു. പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ആറുമണിക്കൂർ കസ്റ്റഡിയിൽവച്ചശേഷം മോചിപ്പിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന്‌ ആരോപിച്ചാണ് രാഷ്ട്രപതിഭവനിലേക്ക്‌ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തിയത്. രാജ്‌പഥിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ച രാഹുലിനെയും അമ്പതോളം കോൺഗ്രസ്‌ എംപിമാരെയും അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. യൂത്ത്‌കോൺഗ്രസ്‌ പ്രസിഡന്റ്‌ ബി വി ശ്രീനിവാസിന്റെ മുടി പിടിച്ചുവലിച്ചു. പൊലീസ്‌ രാജാണെന്നും മോദി  രാജാവാണെന്നും രാഹുൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ചർച്ച ചെയ്യാൻ പാർലമെന്റിൽ അനുമതിയില്ല. പ്രതിഷേധിക്കാനുള്ള അവകാശവും അടിച്ചമർത്തുകയാണെന്ന്‌ രാഹുൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത എംപിമാരെ കിങ്‌സ്‌വേ ക്യാമ്പ്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. എഐസിസി ആസ്ഥാനത്ത്‌ പ്രതിഷേധിച്ച ഹരീഷ്‌ റാവത്ത്‌, സച്ചിൻ പൈലറ്റ്‌, പവൻ ഖേര ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. രാഹുലടക്കമുള്ളവരെ രാത്രി മോചിപ്പിച്ചു. സോണിയയുടെ വസതിമുതൽ ഇഡി ഓഫീസുവരെ ഡൽഹി പൊലീസ്‌ ബാരിക്കേഡുകൾ നിരത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആർപിഎഫിനെയും ദ്രുതകർമസേനയെയും വിന്യസിച്ചിരുന്നു. രാജ്‌ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ്‌ ശ്രമം അനുവദിച്ചില്ല. ചോദ്യംചെയ്യലിനെതിരായ കോൺഗ്രസ്‌ പ്രതിഷേധങ്ങൾക്കിടെ നാഗ്‌പുരിൽ പ്രവർത്തകർ കാർ കത്തിച്ചു. കേരളത്തിൽ ഉൾപ്പെടെ ട്രെയിനുകൾ തടഞ്ഞു. രാഹുലിനും പ്രിയങ്കയ്‌ക്കും ഒപ്പമാണ്‌ സോണിയ ഇഡി ഓഫീസിലെത്തിയത്‌. സോണിയയുടെ മരുന്നുകളുമായി പ്രിയങ്ക മറ്റൊരു മുറിയിൽ തുടർന്നു. 21ന്‌ മൂന്നുമണിക്കൂറോളം സോണിയയെ ചോദ്യം ചെയ്‌തിരുന്നു. 28 ചോദ്യമാണ്‌ അന്ന്‌ ചോദിച്ചത്‌. കേസിൽ രാഹുലിനെ അഞ്ചു ദിവസം ഇഡി ചോദ്യം ചെയ്‌തു. ഇരുവരുടെയും ഉത്തരങ്ങൾ താരതമ്യം ചെയ്‌ത്‌ നിഗമനത്തിലെത്താനും ഇഡി ശ്രമിക്കുന്നുണ്ട്‌. Read on deshabhimani.com

Related News