ശിവമോഗ സ്‌ഫോടനത്തിൽ ദുരൂഹത

representative image


ബംഗളൂരു കർണാടകത്തിലെ ശിവമോ​ഗയില്‍ ജലാസ്‌റ്റിൻ സ്‌റ്റിക്കുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹത. സ്‌ഫോടനം നടക്കുന്നതിന്‌ അരമണിക്കൂർമുമ്പ്‌‌ ബൊലേറോ ജീപ്പിലാണ്‌ ജലാസ്‌റ്റിൻ സ്‌റ്റിക്കുകൾ കൊണ്ടുവന്നതെന്ന്‌‌ പ്രദേശവാസികളുടെ മൊഴി. എന്നാല്‍ ശിവമോഗയിലെ അബലഗെരെ ഗ്രാമത്തിലെ ഹുനസോടുവിലെ ക്വാറിയിലേക്ക്‌ ട്രക്കിൽ കൊണ്ടുപോയ ജലാസ്‌റ്റിൻ സ്‌റ്റിക്കുകളാണ്‌ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചെന്നാണ് ഔദ്യോ​ഗികഭാഷ്യം.  പത്തിലധികം പേർ മരിച്ചതായി വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. മരണസംഖ്യ ഉയരാൻ സാധ്യത‌.  സ്‌ഫോടകവസ്‌തുക്കൾ അനധികൃതമായി സൂക്ഷിച്ചിടത്താണ്‌ സ്ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രകമ്പനം നാലു ജില്ലകളിൽ അനുഭവപ്പെട്ടു. നിരവധി സ്വകാര്യ ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശമാണ്‌ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പയുടെ ജന്മനാടായ ശിവമോഗ. ഉന്നതരാഷ്‌ട്രീയ നേതൃത്വവുമായി ബന്ധമുള്ളവരാണ്‌ ക്വാറി ഉടമകൾ. മരിച്ചവർ തൊഴിലാളികളാണ്‌.ഇവരിലേറെയും ബിഹാറിൽനിന്നുള്ളവരാണ്‌. മൃതദേഹങ്ങൾ ചിന്നിച്ചിതറി. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്ന്‌ ബോംബ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തി. ചിക്കമംഗളൂർ, ദേവാംഗെരെ, ഉത്തര കന്നഡ ജില്ലകളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.  ഭൂകമ്പമാണെന്ന്‌ ധരിച്ച്‌ ആളുകൾ വീടുകളിൽനിന്നിറങ്ങിയോടി. മരിച്ചവരുടെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. ക്വാറി ഉടമയെയും സ്‌ഫോടകവസ്‌തു വിതരണക്കാരനെയും അറസ്‌റ്റ്‌ ചെയ്‌തതായി പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News