മുഖ്യമന്ത്രിപദത്തിൽ ഉറച്ച്‌ 
ശിവകുമാറും സിദ്ധരാമയ്യയും



ന്യൂഡൽഹി കർണാടകത്തിൽ തെരഞ്ഞെടുപ്പുഫലം വന്ന്‌ അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്‌. മുഖ്യമന്ത്രിപദം പങ്കിടാമെന്ന്‌ ഹൈക്കമാൻഡ്‌ നിർദേശിച്ചതോടെ ആദ്യ ഊഴത്തിനുവേണ്ടിയും തമ്മിലടിയായി. ആദ്യ ഊഴം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാറും ഒരേപോലെ നിലപാട്‌ കടുപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കർണാടകത്തിൽ കോൺഗ്രസ്‌ ജയിച്ചപ്പോൾ ‘വിദ്വേഷത്തിന്റെ വിപണി പൂട്ടി സ്‌നേഹത്തിന്റെ കട തുറന്നു’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന. സ്‌നേഹക്കടയിലെ തമ്മിലടിമൂലം സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങൾവരെ പാതിവഴിയിൽ നിർത്തി. സത്യപ്രതിജ്ഞാവേദിക്കായുള്ള ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിലെ പന്തൽനിർമാണം നിർത്തിവച്ചു. കൊടിതോരണങ്ങൾ മടക്കിക്കൊണ്ടുപോയി. ബുധൻ വൈകിട്ടോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. കാലാവധി പങ്കിടുമെന്നും ആദ്യ ഊഴം സിദ്ധരാമയ്യക്കെന്നും വാർത്തകൾ വന്നു. ഇതോടെ ബംഗളൂരുവിൽ സിദ്ധരാമയ്യ ക്യാമ്പ്‌ ആഘോഷം തുടങ്ങി. വ്യാഴാഴ്‌ച സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കവും തുടങ്ങി. ഇതേസമയം, ശിവകുമാർ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ കണ്ട്‌ ആദ്യ ഊഴം തനിക്ക്‌ വേണമെന്ന നിലപാടെടുത്തു. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനില്ലെന്നും താൻ എംഎൽഎയായി ഇരുന്നോളാമെന്നും അറിയിച്ചു. ശിവകുമാറിന്റെ അനുയായികൾ സിദ്ധരാമയ്യയുടെ വസതിക്കു മുന്നിൽ പ്രകടനവും നടത്തി. തീരുമാനത്തിന്‌ 48 മുതൽ 72 മണിക്കൂർകൂടി വേണ്ടിവരുമെന്ന്‌ കർണാടകത്തിന്റെ ചുമതലയുള്ള നേതാവ്‌ രൺദീപ്‌ സുർജെവാല മാധ്യമങ്ങളെ അറിയിച്ചു. ബുധൻ രാത്രി വൈകിയും ഡൽഹിയിൽ നേതാക്കളുടെ തിരക്കിട്ട ചർച്ചകൾ തുടർന്നു. സിദ്ധരാമയ്യയും ശിവകുമാറും തീരുമാനംകാത്ത്‌ ഡൽഹിയിൽ തുടരുകയാണ്‌. പകൽ ഇരുനേതാക്കളും രാഹുൽ ഗാന്ധിയുമായി വെവ്വേറെ കൂടിക്കാഴ്‌ച നടത്തി. പിന്നീട്‌ ഖാർഗെയുടെ വസതിയിൽ എത്തിയ ശിവകുമാർ മുഖ്യമന്ത്രിക്കസേരയിൽ ആദ്യ ഊഴം വേണമെന്ന്‌ ആവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. പുറത്തിറങ്ങിയ ശിവകുമാർ, പുറത്തുവരുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ അറിയിച്ചു. സഹോദരന്റെ എംപി ഫ്ലാറ്റിൽ അനുയായികളായ എംഎൽഎമാരുമായി ശിവകുമാർ കൂടിക്കാഴ്‌ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. പിന്നീട്‌ സുർജെവാലയെ ശിവകുമാർ കണ്ടു. ഈ കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ സുർജെവാലയും കെ സി വേണുഗോപാലും ഖാർഗെയുടെ വസതിയിൽ എത്തി. കർണാടക വിഷയത്തിൽ ഖാർഗെതന്നെ തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ്‌ സോണിയ കുടുംബം. Read on deshabhimani.com

Related News