നാടകാന്തം സിദ്ധരാമയ്യ ; ഡി കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി , സത്യപ്രതിജ്ഞ ശനിയാഴ്‌ച



ന്യൂഡൽഹി ആറുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കർണാടകത്തിലെ പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ്‌ നേതൃത്വം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിപദം മോഹിച്ച പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ പിസിസി പ്രസിഡന്റ്‌ സ്ഥാനത്തും ശിവകുമാർ തുടരും. ശനിയാഴ്‌ച ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിലാണ്‌ സത്യപ്രതിജ്ഞ. സിദ്ധരാമയ്യക്കും ശിവകുമാറിനും പുറമെ ചുരുക്കം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രണ്ടര വർഷത്തിനുശേഷം സിദ്ധരാമയ്യയെ മാറ്റി മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പും ശിവകുമാറിന്‌ നേതൃത്വം നൽകി. എന്നാൽ, ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയായി ആദ്യ ഊഴം ലഭിക്കാത്തതിൽ ശിവകുമാർ നിരാശനാണ്‌. കോണ്‍​ഗ്രസിന്റെ വിശാല താൽപ്പര്യം കണക്കിലെടുത്താണ്‌ വിട്ടുവീഴ്‌ചയെന്ന്‌ ശിവകുമാർ പ്രതികരിച്ചു. മുഖ്യമന്ത്രിപദത്തിൽ രണ്ടാമൂഴം കിട്ടുമെന്ന വ്യക്തമായ സൂചനയും നൽകി. വ്യാഴം പുലർച്ചെവരെ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിലാണ്‌ ശിവകുമാർ വഴങ്ങിയത്‌. സോണിയ ഗാന്ധിയുടെ നിർബന്ധവും മനംമാറ്റത്തിനു കാരണമായി. കെ സി വേണുഗോപാലും  രൺദീപ്‌ സിങ്‌ സുർജെവാലയും മല്ലികാർജുൻ ഖാർഗെയുമായും  സിദ്ധരാമയ്യയുമായും ശിവകുമാറുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. ബംഗളൂരുവിൽ മടങ്ങിയെത്തിയ സിദ്ധരാമയ്യ ഗവർണറെ കണ്ട്‌ സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ചു. Read on deshabhimani.com

Related News