സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു; മലയാളി കെ ജെ ജോർജ്‌ മന്ത്രിസഭയിൽ



മംഗളൂരു> കർണാടകത്തിന്റെ 24–--ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. ശനി ഉച്ചയ്‌ക്ക്‌ 12.30ന്‌ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ തവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.  കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, ദളിത് നേതാവ് ജി പരമേശ്വര, തലമുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി, ഉത്തരകന്നഡയിലെ നേതാവ് സതീഷ് ജാർക്കിഹോളി, മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പ, കടുത്ത സിദ്ധരാമയ്യ അനുകൂലിയായ ന്യൂനപക്ഷനേതാവ് സമീർ അഹമ്മദ് ഖാൻ, ലിം​ഗായത്ത് നേതാവ് എം ബി പാട്ടീൽ, മലയാളിയായ കെ ജെ ജോർജ് എന്നിവരാണ്‌ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തത്‌. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ്‌ ശരദ്‌ പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്,  വിവധകക്ഷിനേതാക്കളായ ഫാറൂഖ് അബ്ദുള്ള,  മെഹ്‌ബൂബ മുഫ്തി, കമൽ ഹാസൻ, മെഹ്‌ബൂബ മുഫ്തി, എൻ കെ പ്രേമചന്ദ്രൻ, അബ്ദുൽസമദ് സമദാനി തുടങ്ങിയവരും പങ്കെടുത്തു. ആദ്യ മന്ത്രിസഭായോഗം കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി,തുടങ്ങിയ വാ​ഗ്ദാനങ്ങള്‍ക്കാണ്   അംഗീകാരം നൽകിയത്‌.   Read on deshabhimani.com

Related News