കോവിഡ്‌ പ്രതിരോധത്തെ ബിജെപി തകർക്കുന്നെന്ന്‌ ശിവസേന



മുംബെെ റെംഡെസിവിർ വിവാദത്തിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് ശിവസേന. കേന്ദ്ര സർക്കാരിന്റെ  സഹായത്തോടെ  കോവിഡിന്റെ മറവിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ നീക്കം നടക്കുന്നുവെന്ന് ശിവസേന മുഖപത്രം സാമ്ന. കോവിഡ് പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പരാജയപ്പെടണമെന്ന അജൻഡയുമായാണ് പ്രവർത്തിക്കുന്നത്. ആളുകളുടെ ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കരുതെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ചിട്ടും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന വിവരത്തെ തുടർന്ന് മബ്രക്ക് ഫാർമ ഡയറക്ടർ രാജേഷ് ഡോക്കാനിയയെ മുംബെെ പൊലീസ് ചോദ്യം ചെയ്തിരുന്നു.  കമ്പനി ഉടമയ്‌ക്കായി ബിജെപി നേതാവായ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പൊലീസ് സ്റ്റേഷനിലെത്തി. ഇതിനു പിന്നാലെയാണ് ആവശ്യത്തിന്‌  റെംഡെസിവിറും ഓക്സിജനും മഹാരാഷ്ട്രയ്‌ക്ക് ലഭിക്കാത്തതിനു പിന്നിൽ ബിജെപി ഇടപെടലാണെന്ന വിമർശം ശക്തമാക്കിയത്. ബിജെപി നേതാക്കൾ അനധികൃതമായി മരുന്നു വാങ്ങി സൂക്ഷിക്കുന്നുവെന്നും ശിവസേന പറഞ്ഞു. അതേസമയം അന്വേഷണം നേരിടാൻ  ഭയമില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. Read on deshabhimani.com

Related News