വിപണിയിൽ കാളക്കുതിപ്പ്‌ ; സെന്‍സെക്സ് 1534 പോയിന്റ് ഉയര്‍ന്നു



കൊച്ചി രണ്ടുദിവസത്തെ തളർച്ചയ്‌ക്കുശേഷം  ഇന്ത്യൻ ഓഹരിവിപണി കുതിച്ചു. കരടികളുടെ പിടിയിലായിരുന്ന വിപണിയിൽ കാളകൾ വീണ്ടും ഇറങ്ങിയപ്പോൾ ഓഹരിസൂചികകൾ മൂന്നുശതമാനത്തോളം മുന്നേറി. സെൻസെക്സ് 1534.16 പോയിന്റ്‌ (2.91 ശതമാനം) നേട്ടത്തോടെ  54326.39ലും നിഫ്റ്റി 456.80 പോയിന്റ്‌ (2.89 ശതമാനം) ഉയർന്ന് 16266.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മറ്റ് ഏഷ്യൻ വിപണികളുടെ ശക്തമായ മുന്നേറ്റവും യുഎസ് വിപണിയിൽനിന്നുള്ള അനുകൂല സൂചനകളുമാണ് ഇന്ത്യൻ വിപണിക്ക് കരുത്തുപകർന്നത്. ചൈന പ്രധാന വായ്പനിരക്കുകൾ കുറച്ചതും കാരണമായി.  എല്ലാ പ്രധാന മേഖലാ സൂചികകളും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ റിയാൽറ്റി സൂചിക 4.22 ശതമാനം ഉയർന്നു. മെറ്റൽ  3.75,  ഹെൽത്ത്കെയർ 3.04, ബാങ്ക് 2.91 ശതമാനംവീതം മുന്നേറി. ബിഎസ്ഇ ഓഹരികളിൽ 8.10 ശതമാനം നേട്ടത്തോടെ ഡോ. റെഡ്ഡീസ് ലാബ് മുന്നിലെത്തി. റിലയൻസ് 5.77, നെസ്‌ലെ 4.74 , ടാറ്റാ സ്റ്റീൽ 4.22 ശതമാനംവീതവും ലാഭം നേടി. ആക്സിസ് ബാങ്ക് (3.55), സൺഫാർമ (3.52), ഇൻഡ്സ്ഇൻഡ് ബാങ്ക് (3.47), എസ്ബിഐ (3.31), എച്ച്ഡിഎഫ്സി (3.13), മാരുതി സുസുകി ( 2.40) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ചില പ്രധാന ഓഹരികൾ. നിഫ്റ്റിയിൽ ടാറ്റാ മോട്ടോഴ്‌സ് 4.85 ശതമാനം നേട്ടമുണ്ടാക്കി. ശക്തമായ മുന്നേറ്റത്തിനിടയിലും കണ്ടെയ്നർ കോർപറേഷൻ, ​ഗോദ്റെജ് കൺസ്യൂമർ, ഐഒസി, കേരള കമ്പനികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Read on deshabhimani.com

Related News