ബിജെപിക്ക്‌ മുഖത്തേറ്റ അടി ; 124എ ദുരൂപയോ​ഗം ചെയ്തത് മോദി സർക്കാർ



  ന്യൂഡൽഹി എതിര്‍ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള പ്രധാന ആയുധമായി 124എ ദുരൂപയോ​ഗം ചെയ്തത് മോദി സർക്കാർ 2014ൽ അധികാരത്തിലെത്തിയത്‌ മുതൽ. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾക്കെതിരെയും സംഘപരിവാറിനെതിരെയും നിലപാട്‌ സ്വീകരിക്കുന്നവർ വേട്ടയാടപ്പെട്ടു. രാജ്യദ്രോഹനിയമം അസാധുവാക്കുമെന്ന്‌ 2019ലെ പൊതുതെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ പല പ്രതിപക്ഷ പാർടികളും നിലപാട്‌ എടുത്തപ്പോൾ നിശിത വിമർശവുമായി പ്രധാനമന്ത്രി രംഗത്തുവന്നു. രാജ്യദ്രോഹികൾക്ക്‌ കൂട്ടുനിൽക്കുകയാണ്‌ പ്രതിപക്ഷമെന്ന്‌ മോദി റാലികളിൽ തുറന്നടിച്ചു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യദ്രോഹനിയമം കൂടുതൽ കർക്കശമാക്കുമെന്ന്‌ രാജ്‌നാഥ്‌സിങ്‌ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരായ പ്രതിഷേധം, കർഷക സമരം തുടങ്ങി മോദി സർക്കാരിനെതിരായി ദേശീയതലത്തിൽ ഉയർന്ന പല പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ മോദി സർക്കാരും സംസ്ഥാന ബിജെപി സർക്കാരുകളും 124എ വ്യാപകമായി ദുരുപയോഗിച്ചു. 2010ന്‌ ശേഷം എണ്ണൂറിലേറെ രാജ്യദ്രോഹ കേസുകളിലായി പതിമൂവായിരത്തോളം പേർ പ്രതിചേർക്കപ്പെട്ടു. ഇതിൽ എഴുപത്‌ ശതമാനവും 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ്‌. കർണാടകയിലെ ബിദാറിൽ സിഎഎ വിരുദ്ധ നാടകത്തിൽ 11 വയസ്സുള്ള മകൾ അഭിനയിച്ചതിന് അമ്മയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പ്രസംഗിച്ചതിന് ജെഎൻയു വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. ഫെയ്സ്ബുക്കിൽ രാഷ്ട്രീയ അഭിപ്രായങ്ങളും കാർട്ടൂണുകളും പങ്കിട്ടതിന് നിരവധിയാളുകളുടെ പേരിൽ  124എ പ്രകാരം കേസെടുത്തു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനാണ് ശ്യാം ബെനഗൽ, മണി രത്നം, രാമചന്ദ്രഗുഹ, അപർണാ സെൻ, അടൂർ ഗോപാല കൃഷ്ണൻ തുടങ്ങി 49 പ്രമുഖർക്കെതിരെ ബിഹാർ പൊലീസ്‌ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത്. സിഎഎ പ്രതിഷേധത്തിന്റെ പേരിൽ 25 കേസുകളിലായി 3700പേരെ പ്രതിചേർത്തു.  കർഷക സമരത്തെ അനുകൂലിച്ച ആക്ടിവിസ്റ്റ്‌ ദിഷാ രവിക്കെതിരെയും ഡൽഹി പൊലീസ്‌ ഈ വകുപ്പ്‌ ചുമത്തി. മാധ്യമപ്രവർത്തകരെ വേട്ടയാടി യുപിയിലെ ഹത്‌രാസിലുണ്ടായ ബലാത്സംഗക്കൊലപാതകം റിപ്പോർട്ടിങ്ങിന്‌ പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ്‌ കാപ്പനെതിരെ ബിജെപി സർക്കാർ 124 എ ചുമത്തി. കർഷകസമരത്തിനുനേരെ ഉണ്ടായ പൊലീസ് നടപടിയെ വിമർശിച്ചതിൽ രാജ്ദീപ് സർദേശായ് (ഇന്ത്യാ ടുഡെ), മൃണാൽ പാണ്ഡെ (നാഷണൽ ഹെറാൾഡ്), സഫർ അഗ്ഫ (ക്വാമി ആവാസ്), പരേഷ് നാഥ്, വിനോദ് കെ ജോസ് (ദി കാരവൻ) തുടങ്ങിയ മാധ്യമപ്രവർത്തകർ രാജ്യദ്രോഹ കേസിൽ പ്രതികളായി. യുപി സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സിദ്ധാർഥ് വരദരാജന്റെ (ദി വയർ) പേരിൽ യുപി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്‌തു. ദവൽ പട്ടേൽ (ഗുജറാത്ത്), കിഷോർ ചന്ദ്ര വാങ്കെ (മണിപ്പുർ) എന്നിവരും ഇതേ കുറ്റം ചുമത്തപ്പെട്ടവരാണ്. യുപിയിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പേരിൽ ഒട്ടേറെ കേസുണ്ട്.   കോൺഗ്രസും 
ദുരുപയോഗിച്ചു ഇന്ദിര ഗാന്ധി ഭരണകാലത്തും മറ്റും കോൺഗ്രസും രാജ്യദ്രോഹക്കുറ്റം വ്യാപകമായി ദുരുപയോഗിച്ചു. വാറന്റുകൂടാതെ അറസ്റ്റ്‌ സാധ്യമാകുംവിധം രാജ്യദ്രോഹ ചട്ടത്തെ ഗുരുതര കുറ്റമാക്കിയത്‌ ക്രിമിനൽ നടപടി ചട്ടത്തിൽ ഇന്ദിര സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ പ്രതിപക്ഷ പാർടി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ 124 എയുംകൂടി ഉൾപ്പെടുത്തി. ഡിഐആർ, മിസ, പോട്ട, ടാഡ തുടങ്ങി എൻഐഎ കേസുകളിൽപ്പോലും 124എ കൂട്ടിച്ചേർക്കാറുണ്ട്. 1982–87ൽ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകരുടെമേലും 124എ ചുമത്തി. 1962ലെ ഇന്ത്യ–-ചൈന യുദ്ധകാലത്തും രാഷ്ട്രീയ എതിരാളികൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ 124 എ നിർബാധം പ്രയോഗിച്ചു. ഇതിൽത്തന്നെ ബഹുഭൂരിപക്ഷം കേസും നിലനിൽക്കുന്നതായിരുന്നില്ല. 2010ലെ ഒരു സെമിനാറിൽ കശ്മീരികൾക്കായി നിലകൊണ്ടതിന്‌ അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അതേവർഷംതന്നെ ആദിവാസി ക്ഷേമത്തിനായി പ്രവർത്തിച്ച ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. Read on deshabhimani.com

Related News