വംശഹത്യയിൽ മോഡിയുടെ പങ്ക്‌: ബിബിസി ആധാരമാക്കിയത്‌ യുകെ സർക്കാരിന്റെ രഹസ്യ റിപ്പോർട്ട്‌



കൊച്ചി> ഗുജറാത്തിൽ 2002 ൽ നടന്ന മുസ്ലീം വംശഹത്യയിൽ നരേന്ദ്ര മോഡിക്ക്‌ പങ്കുണ്ടെന്ന്‌ സ്ഥാപിയ്‌ക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക്‌  അടിസ്ഥാനമായത്‌ ബ്രിട്ടീഷ്‌ സർക്കാർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്‌.  ഈ റിപ്പോർട്ട്‌ സർക്കാർ രഹസ്യമാക്കി വെച്ചിരുന്നു. ഇതുവരെ പ്രസിദ്ധീകരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഈ റിപ്പോർട്ട്‌ ആധാരമാക്കിയാണ്‌ ബിബിസി ഡോക്യുമെന്ററി ചെയ്‌തത്‌. റിപ്പോർട്ടിന്റെ ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ പലതവണയായി കാണിക്കുന്നുണ്ട്‌. ചൊവ്വാഴ്ച വൈകിട്ടാണ്‌ ബിബിസി  യുകെയിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്‌. ഗുജറാത്തിൽ നടന്ന സംഭവങ്ങളിൽ ആശങ്കാകുലരായ യുകെ ഗവൺമെന്റ് അന്വേഷണത്തിന്‌ തീരുമാനിക്കുകയായിരുന്നുവെന്ന്‌ മുൻ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ ഡോക്യുമെന്ററിയിൽ അഭിമുഖത്തിൽ പറയുന്നു.  “ഒരു അന്വേഷണം ഏർപ്പെടുത്തി.  ഒരു സംഘം ഗുജറാത്തിൽ പോയി എന്താണ് സംഭവിച്ചതെന്ന് സ്വയം കണ്ടെത്തി. അവർ വളരെ സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കി.’’‐അദ്ദേഹം പറയുന്നു. അക്രമത്തിന്റെ വ്യാപ്തി റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ വലുതാണെന്നും മുസ്ലീം സ്ത്രീകൾക്കെതിരെ വ്യാപകവും ആസൂത്രിതമായ ബലാത്സംഗം നടന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്‌. ഹിന്ദുമേഖലകളിൽ നിന്ന്‌ മുസ്ലീങ്ങളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപം നടന്നതെന്നും അതിൽ പറയുന്നു. ആ നിർദേശം മോദിയിൽ നിന്നാണ് വന്നത് എന്നത്‌ സംശയാതീതമാണെന്ന്‌ ഡോക്യുമെന്ററി ആരോപിക്കുന്നു.. “അക്രമത്തിൽ 2000 പേരെങ്കിലും കൊല്ലപ്പെട്ടു. ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിതവും രാഷ്ട്രീയവുമായ ഒരു വംശഹത്യയെന്നാണ് ഞങ്ങൾ അതിനെ വിശേഷിപ്പിച്ചത്.’’ എന്ന്‌ മുഖം വെളിപ്പെടുത്താത്ത ഒരു മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ഡോക്യുമെന്ററിയിൽ പറഞ്ഞു. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തി((വിഎച്ച്പി) നെപ്പറ്റിയും  റിപ്പോർട്ടിൽ പരാമർശമുണ്ട്. "തീവ്രഹിന്ദു ദേശീയവാദ ഗ്രൂപ്പായ വിഎച്ച്പിയാണ് അക്രമം സംഘടിപ്പിച്ചതെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർ ശിക്ഷിക്കപ്പെടില്ലെന്ന അന്തരീക്ഷം സംസ്ഥാന സർക്കാർ സൃഷ്ടിച്ചു. ഇതില്ലാതെ വിഎച്ച്‌പിക്കും അതിന്റെ സഖ്യകക്ഷികൾക്കും ഇത്രയധികം നാശം വരുത്താൻ കഴിയില്ലെന്ന് റിപ്പോർട്ട് പറയുന്നു. പോലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രി മോദി വളരെ സജീവമായ പങ്ക് വഹിച്ചതായി മുൻ വിദേശകാര്യ സെക്രട്ടറി സ്ട്രോ ബിബിസിയോട് പറഞ്ഞു. മോദിക്കെതിരായ ഈ ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും സമുദായങ്ങളെ സംരക്ഷിക്കാനുള്ള തങ്ങളുടെ ജോലി ചെയ്യുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞുകൊണ്ട് നിഗൂഢമായ രാഷ്ട്രീയ ഇടപെടലിന്റെ   നടുക്കുന്ന ഉദാഹരണം സൃഷ്ടിക്കുകയാണ്‌ മോഡി ചെയ്‌തതെന്ന്‌  അദ്ദേഹം പറയുന്നു.   Read on deshabhimani.com

Related News