തോക്ക്‌ ഇടപാടിനെ ചൊല്ലി കൊലപാതകം; പ്രതികൾക്കായി വനത്തിൽ തെരച്ചിൽ



അഗളി തോക്ക് ഇടപാടിന്റെ പേരിൽ അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ പ്രതികൾക്കായി വനത്തിൽ തെരച്ചിൽ. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ കൊന്ന കേസിൽ അറസ്‌റ്റിലായ വിപിൻ പ്രസാദ്‌ അടക്കം ആറ് പേരെ മണ്ണാർക്കാട് മുൻസിഫ് കോടതി റിമാൻഡ്‌ ചെയ്തിരുന്നു. ബാക്കി നാല് പ്രതികൾക്കായാണ് പുതൂർ പഞ്ചായത്തിലെ ഭൂതയാർ വനമേഖലയിൽ പൊലീസും തണ്ടർബോൾട്ടും തിരച്ചിൽ നടത്തിയത്. ദോണിഗുണ്ട് സ്വദേശികളായ അഖിൽ(23), രാഹുൽ(അമ്പലം- 24), കണ്ടിയൂർ സ്വദേശി ജോമോൻ(22), പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച ഷെഡ് നിൽക്കുന്ന സ്വകാര്യ കൃഷിയിടത്തിന്റെ നോട്ടക്കാരൻ തിരുവനന്തപുരം സ്വദേശി അനന്തു എന്നിവരെയാണ് പൊലീസ് തിരയുന്നത്. തോക്ക് നൽകാമെന്നേറ്റ് പണം വാങ്ങിയതായി പറയപ്പെടുന്ന വിനയൻ (വിനായകൻ–--22) അതിക്രൂരമായ മർദനത്തിനിരയായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്ന വിനായകന്റെ മൊഴി വടക്കാഞ്ചേരി കോടതി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ നന്ദകിഷോറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തലയ്ക്ക് പിറകിലേറ്റ പരിക്കാണ് മരണകാരണമായതെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന്‌ അഗളി ഡിവൈഎസ്‌പി എൻ മുരളീധരൻ പറഞ്ഞു. അഗളിയിലെ ബിജെപി പഞ്ചായത്തംഗം മിനി ജി കുറുപ്പിന്റെ കുടുംബത്തിന് നിയന്ത്രണമുള്ള അമ്പലത്തിൽ ശാന്തിക്കാരനായ ഋഷിനന്ദന്റെ സഹോദരനാണ് മരിച്ച നന്ദകിഷോർ. ഇവരെ പൂജയിൽ സഹായിക്കുന്നയാളാണ്‌ കണ്ണൂർ സ്വദേശി വിനയൻ.മിനി ജി കുറുപ്പിന്റെ മകൻ വിപിൻപ്രസാദിന് ലൈസൻസുള്ള തോക്ക് വാങ്ങി നൽകാമെന്ന കരാറിൽ ഒരുലക്ഷംരൂപ വാങ്ങി കബളിപ്പിച്ചെന്ന് ആരോപിച്ചാണ് വിനയനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. രണ്ട് ദിവസമായി കാണാതായ വിനയനെ തേടിയാണ് നരസിമുക്കിലെ ഇരട്ടക്കുളത്തെ സ്വകാര്യഫാം ഹൗസിൽ നന്ദകിഷോർ എത്തിയത്‌. ഹൃദ്രോഗിയായിരുന്ന  നന്ദകിഷോർ ജന്മനാ കാഴ്‌ച–-കേൾവി പരിമിതനും കാലിന്‌ സ്വാധീനക്കുറവുള്ളയാളുമായിരുന്നു.  ഇയാളെയാണ് ഒരുകൂട്ടം ചെറുപ്പക്കാർ മർദിച്ചുകൊന്നത്. പ്രതികളെല്ലാം നിരന്തരമായി ഉയർന്ന തോതിൽ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.   Read on deshabhimani.com

Related News