ഒന്നുമുതൽ എട്ടുവരെയുള്ള സ്‌കോളർഷിപ് നിർത്തലാക്കി; പിന്നാക്ക വിദ്യാർഥികളോടും കേന്ദ്രത്തിന്റെ ക്രൂരത



തിരുവനന്തപുരം > രാജ്യത്തെ ഒന്നാം ക്ലാസുമുതൽ എട്ടുവരെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക്‌ നൽകിയിരുന്ന സ്‌കോളർഷിപ്  കേന്ദ്ര സർക്കാർ പൂർണമായും നിർത്തലാക്കി. ഒമ്പത്‌ , 10 വിദ്യാർഥികൾക്ക്‌ നൽകുന്ന സ്‌കോളർഷിപ്പിന്റെ കേന്ദ്ര വിഹിതം 50 ശതമാനത്തിൽ നിന്ന്‌ 40 ശതമാനമായി കുറയ്‌ക്കുകയും ചെയ്‌തു. കേരളത്തിൽ മാത്രം  1.25 ലക്ഷം കുട്ടികളുടെ ഭാവിയെ ഇത്‌ ബാധിക്കും. സ്‌കൂൾതലത്തിൽ ഒമ്പത്‌, പത്ത്‌ ക്ലാസിൽ സ്‌കോളർഷിപ് മതിയെന്നാണ്‌ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒബിസി വിഭാഗത്തിനുള്ള മുഴുവൻ സ്കോളർഷിപ്പിന്റെയും കേന്ദ്ര വിഹിതവും ഒഴിവാക്കി. പി എം യങ് അച്ചീവേഴ്‌സ്‌ സ്‌കോളർഷിപ് അവാർഡ്‌ സ്‌കീം ഫോർ വൈബ്രന്റ്‌ ഇന്ത്യ ഫോർ ഒബിസീസ്‌ ആൻഡ്‌ അദേഴ്‌സ്‌ ( പി എം–- യശസ്സി) എന്ന പേരിലാണ്‌ 2022 മുതൽ 26 വരെ പ്രാബല്യത്തിലുള്ള മാർഗനിർദേശം ഇറക്കിയിരിക്കുന്നത്‌. നിലവിൽ പത്താം ക്ലാസ്‌ വരെയുള്ള പിന്നാക്ക വിഭാഗം സ്‌കോളർഷിപ്പിന്‌  50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനവുമാണ്‌ നൽകിയിരുന്നത്. രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർഥികൾക്ക്‌ വർഷംതോറും 1500 വീതമാണ്‌ സ്കോളർഷിപ്‌ ലഭിച്ചിരുന്നത്.  എന്നാൽ എട്ടാംക്ലാസ്‌ വരെയുള്ള കുട്ടികളെ പുറന്തള്ളിയശേഷം 9, 10 ക്ലാസിലെ കുട്ടികൾക്ക്‌ 4000 രൂപ നൽകാനാണ്‌ നീക്കം. ഇതിൽ 40 ശതമാനം തുക സംസ്ഥാനം വഹിക്കണം. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ് തുക ഇതുവരെ  പൂർണമായി നൽകിയത്‌ കേന്ദ്ര വിഹിതമായിരുന്നു. ഇനി മുതൽ ഈ ഇനത്തിലും  കോടികളുടെ അധിക ബാധ്യത സംസ്ഥാനങ്ങളുടെ തലയിലായി.   Read on deshabhimani.com

Related News