സഞ്ജയ്‌ റാവത്തിന്റെ കസ്‌റ്റഡി എട്ടുവരെ നീട്ടി ; ഇഡിക്ക്‌ കോടതി വിമർശം



ന്യൂഡൽഹി പത്രചൗൾ ഭൂമി കുംഭകോണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത ശിവസേന നേതാവ്‌ സഞ്ജയ്‌ റാവത്തിന്റെ കസ്‌റ്റഡി എട്ടുവരെ നീട്ടി. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള ഇഡിയുടെ വാദം അംഗീകരിച്ചാണ്‌ മുംബൈ പ്രത്യേക കോടതി കസ്‌റ്റഡി നീട്ടിയത്‌. 2.25 കോടി രൂപയാണ്‌ റാവത്തിനും കുടുംബത്തിന്‌ ലഭിച്ചതെന്നാണ്‌ മനസ്സിലാക്കുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇഡി പറഞ്ഞു. നേരത്തേ റാവത്തിന്റെ ഭാര്യ വർഷയുടെ അക്കൗണ്ടിലേക്ക്‌ 83 ലക്ഷം എത്തിയെന്നായിരുന്നു  പറഞ്ഞിരുന്നത്‌. ചോദ്യം ചെയ്യലിനുശേഷം തന്നെ വായുസഞ്ചാരമില്ലാത്ത മുറിയിൽ അടച്ചെന്നും ഇതുകാരണം ശ്വാസംമുട്ടിയെന്നും റാവത്ത്‌ കോടതിയെ അറിയിച്ചു. ഇഡി ഇത്‌ നിഷേധിച്ചു. ഏജൻസിയെ വിമർശിച്ച ജഡ്‌ജി എം ജി ദേശ്പാണ്ഡെ, റാവത്തിന്‌ വായുസഞ്ചാരമുള്ള മുറി ഉറപ്പാക്കണമെന്നും അത്‌ പ്രതിയുടെ അവകാശമാണെന്നും ചൂണ്ടിക്കാട്ടി. വർഷ റാവത്തിനും ഇഡി നോട്ടീസ്‌ സഞ്ജയ്‌ റാവത്തിന്റെ ഭാര്യ വർഷയ്‌ക്കും ഹാജരാകാൻ നോട്ടീസ്‌ നൽകിയെന്ന്‌ റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി പ്രവീൺ റാവത്തുമായി അടുത്ത ബന്ധമുള്ള രണ്ടുപേരുടെയും വർഷയുടെയും 11 കോടിയുടെ സ്വത്ത്‌ ഇഡി കണ്ടുകെട്ടിയിരുന്നു.   Read on deshabhimani.com

Related News