ബിജെപിക്ക് വഴങ്ങിയില്ല ; സഞ്ജയ്‌ റാവത്തിനെ ഇഡി 
അറസ്റ്റ് ചെയ്തു ; നടപടി 12 വർഷം പഴക്കമുള്ള കേസിൽ



ന്യൂഡൽഹി മഹാരാഷ്ട്രയിൽ മഹാ വികാസ്‌ അഖാഡി സർക്കാർ വീണ് ഒരു മാസം പിന്നിടവെ, ശിവസേനയിൽ  ഉദ്ദവ്‌ താക്കറെയ്ക്കൊപ്പം ഉറച്ചുനിന്ന ബിജെപിയുടെ തീവ്രവിമർശകനായ രാജ്യസഭാംഗം സഞ്ജയ്‌ റാവത്തിനെ  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി)  അറസ്‌റ്റ്‌ ചെയ്തു.  കള്ളപ്പണം വെളുപ്പിച്ചെന്ന 12 വർഷം പഴക്കമുള്ള  കേസിലാണ്‌ നടപടി. ഞായർ രാവിലെ വൻ പൊലീസ്‌ സംഘത്തിന്റെ അകമ്പടിയോടെയാണ്‌ റാവത്തിന്റെ ബാൻഡുപ്പിലുള്ള വസതിയിൽ ഇഡി സംഘം എത്തിയത്. ആറുമണിക്കൂർ ചോദ്യം ചെയ്‌തശേഷം സഹകരിക്കുന്നില്ലെന്ന്‌ ആരോപിച്ച് വൈകിട്ട്‌ അഞ്ചോടെ  കസ്‌റ്റഡിയിലെടുത്ത്‌ മുംബൈ ഇഡി ഓഫീസിലെത്തിച്ചു. അർധരാത്രിക്കുശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. തിങ്കൾ പകൽ 11.30ന്‌ കോടതിയിൽ ഹാജരാക്കും. ജൂലൈ ഒന്നിന് ഇഡി റാവത്തിനെ 10 മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നും കള്ളക്കേസും വ്യാജ തെളിവുകളുമാണ്‌ ഇഡി കൈവശമുള്ളതെന്നും തലപോയാലും കേന്ദ്രത്തിന്‌ കീഴടങ്ങില്ലെന്നും റാവത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഇഡി നടപടി പാർടിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന്‌ ശിവസേന ആരോപിച്ചു. റെയ്‌ഡ്‌ വിവരമറിഞ്ഞ്‌ നൂറുകണക്കിന്‌ ശിവസേന പ്രവർത്തകർ വസതിയിലേക്കെത്തി.  റാവത്തിന്റെ വീട്ടിൽ ‘ഇഡി അതിഥികൾ’ എത്തിയെന്നും അറസ്‌റ്റുണ്ടായേക്കുമന്നും ഉദ്ദവ്‌ താക്കറെ രാവിലെ പറഞ്ഞിരുന്നു.  ശിവസേന പിളർത്തി ബിജെപിക്ക് ഒപ്പംചേർന്ന് ഏക്‌നാഥ്‌ ഷിൻഡെ പുതിയ സർക്കാരുണ്ടാക്കിയപ്പോൾ, റാവത്തിനെയും മറുകണ്ടം ചാടിക്കാൻ ശ്രമമുണ്ടായി. എന്നാൽ ഉദ്ദവിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച റാവത്ത് ബിജെപി നേതൃത്വത്തെ കൂടുതൽ ശക്തിയോടെ വിമർശിച്ചു. പിന്നാലെയാണ് ഇഡിയുടെ രം​ഗപ്രവേശം. കേസ് ഇങ്ങനെ 2008 ൽ പത്രചൗളിലെ 672 കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ  മഹാരാഷ്ട്ര ഹൗസിങ്‌ ആൻഡ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റിയും  താമസക്കാരുടെ സൊസൈറ്റിയും ചേർന്ന്‌  പ്രവീൺ റാവത്ത്‌ എന്നയാൾ ഡയറക്ടറായ  കമ്പനിയുമായി കരാർ ഒപ്പിട്ടു. 47 ഏക്കറിൽ  ഫ്ലാറ്റുകൾ നിർമിച്ച ശേഷമുള്ള പ്രദേശം സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറാമെന്നായിരുന്നു വ്യവസ്ഥ.  ഫ്ലാറ്റ്‌ നിർമിക്കാതെ കമ്പനി സ്വകാര്യ  സ്ഥാപനങ്ങൾക്ക്‌ സ്ഥലം കൈമാറിയെന്നും  1,039.79 കോടി സമാഹരിച്ചെന്നുമാണ് കേസ്. സഞ്ജയ്‌ റാവത്തിന്റെ ഭാര്യ വർഷയുടെ അക്കൗണ്ടിലേയ്‌ക്ക്‌   പ്രവീൺ  83 ലക്ഷം കൈമാറിയെന്നും ഇ ഡി ആരോപിക്കുന്നു.  വർഷയുടെ പേരിലുള്ള ദാദറിലെ ഫ്ലാറ്റ്‌ ഇഡി കണ്ടുകെട്ടി. 2010ലാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. Read on deshabhimani.com

Related News