മധ്യപ്രദേശില്‍ സംഘപരിവാര്‍ ഭീകരത : മതപരിവര്‍ത്തനം ആരോപിച്ച് സ്‌കൂൾ അടിച്ചുതകര്‍ത്തു

വിദിഷയിലെ സെന്റ്‌ ജോസഫ്‌ സ്‌കൂൾ 
സംഘപരിവാറുകാർ അടിച്ചുതകർക്കുന്നു


ന്യൂഡൽഹി മതപരിവർത്തനം ആരോപിച്ച്‌ മധ്യപ്രദേശിലെ വിദിഷയിൽ ക്രിസ്‌ത്യൻ മിഷണറി സ്‌കൂള്‍ സംഘപരിവാരങ്ങള്‍ ആക്രമിച്ചു. ഗഞ്ജ്‌ബസോഡാ ടൗണിലെ സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ തിങ്കളാഴ്‌ച പ്ലസ്‌ ടു പരീക്ഷ നടക്കുന്നതിനിടെ ബജ്‌റംഗ്‌ദൾ, വിഎച്ച്‌പി പ്രവർത്തകർ ഇരച്ചുകയറി. ആസൂത്രിതമായി കല്ലും വടികളുമായെത്തിയ അക്രമികൾ പ്രധാനകെട്ടിടം മുഴുവൻ തകർത്തു. വിദ്യാർഥികൾ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്. സ്‌കൂളിനെതിരെ സമൂഹമാധ്യമങ്ങൾവഴി ദിവസങ്ങൾക്ക്‌ മുമ്പുതന്നെ വലിയ പ്രചാരണം നടത്തി. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ മാനേജ്‌മെന്റ്‌ പൊലീസിനും ജില്ലാ അധികൃതർക്കും പരാതി നല്‍കി. എന്നാൽ, അക്രമം തടയാൻ നടപടി ഉണ്ടായില്ലെന്ന്‌ സ്‌കൂൾ മാനേജറും മലയാളിയുമായ ബ്രദർ ആന്റണിപറഞ്ഞു. മതപരിവർത്തനം നടന്നെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്‌–-- അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും സ്‌കൂൾ പൊളിക്കണമെന്നും ബജ്‌റംഗ്‌ദൾ ഘടകം നേതാവ്‌ നീലേഷ്‌അഗർവാൾ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന്‌ സ്‌കൂളിന്റെയും സമീപപ്രദേശങ്ങളിലെ മറ്റ്‌ സ്‌കൂളുകളുടെയും സുരക്ഷ വർധിപ്പിച്ചു.മതപരിവർത്തനം സംബന്ധിച്ച്‌ അന്വേഷണം തുടങ്ങിയതായും മാനേജ്‌മെന്റിനെ ചോദ്യം ചെയ്യുമെന്നും സബ്‌ഡിവിഷണൽ മജിസ്‌ട്രേട്ട്‌ റോഷൻറായ്‌ പറഞ്ഞു. Read on deshabhimani.com

Related News