സൽമാൻ റുഷ്‌ദി എത്രയുംവേഗം ആരോഗ്യത്തോടെ തിരിച്ചുവരട്ടെ; ആക്രമണത്തെ അപലപിച്ച്‌ സിപിഐ എം



ന്യൂഡൽഹി > ബ്രിട്ടീഷ്‌ - അമേരിക്കൻ എഴുത്തുകാരൻ സൽമാൻ റുഷ്‌ദിക്കുനേരെ ന്യൂയോർക്കിൽ നടന്ന ആക്രമണത്തെ സിപിഐ എം അപലപിച്ചു. സൽമാൻ റുഷ്‌ദി എത്രയും വേഗം ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു. പ്രസംഗവേദിയിൽവച്ച്‌ അക്രമിയുടെ കുത്തേറ്റ റുഷ്‌ദി ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വെന്റിലേറ്റർ സഹായത്തോടെയാണ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഷതാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിനെത്തിയപ്പോൾ അക്രമി വേദിയിൽ കയറി കഴുത്തിൽ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി. റുഷ്‌ദിയെ വേദിയിലേക്ക്‌ ക്ഷണിച്ചപ്പോൾ അക്രമി പാഞ്ഞടുത്ത് കുത്തിയത് കണ്ടതായി അസോസിയറ്റഡ്‌ പ്രസ്‌ റിപ്പോർട്ടർ പറഞ്ഞു. റുഷ്‌ദിയെ ഹെലികോപ്‌ടറിൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. ബുക്കർ പ്രൈസ്‌ ജേതാവായ ഇദ്ദേഹം രചനകളുടെ പേരിൽ നിരവധി തവണ വധഭീഷണി നേരിട്ടിട്ടുണ്ട്‌. 1988ൽ പ്രസിദ്ധീകരിച്ച ‘ദ സാത്താനിക് വേഴ്‌സസ്‌' എന്ന പുസ്‌തകം ഇസ്ലാമിനെ നിന്ദിക്കുന്നതായി ആരോപിച്ച്‌ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്‌. 1989ൽ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള ഖൊമേനി റുഷ്‌ദിയെ കൊല്ലാൻ ആഹ്വാനംചെയ്‌ത്‌ ഫത്‌വ ഇറക്കി.  മിഡ്‌നൈറ്റ്‌സ്‌ ചിൽഡ്രൻ എന്ന നോവലിന്‌ 1981ലാണ്‌ ബുക്കർ ലഭിച്ചത്‌. Read on deshabhimani.com

Related News