3 ദിവസം, 3 മന്ത്രി, 5 എംഎല്‍എ ; യുപിയില്‍ രാജി തുടരുന്നു



ന്യൂഡൽഹി തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കെ യുപിയിൽ മന്ത്രിമാരെയും എംഎൽഎമാരെയും പിടിച്ചുനിർത്താനാകാതെ ബിജെപി. ബുധനാഴ്‌ച സംസ്ഥാന ആയുഷ്‌, ഭക്ഷ്യസുരക്ഷാ മന്ത്രി ധരംസിങ്‌ സൈനിയും മുകേഷ്‌ വർമ എംഎൽഎയും രാജിവച്ചു. പിന്നാക്കവിഭാഗ നേതാക്കളാണ് ഇരുവരും. മൂന്നു ദിവസത്തിനിടെ രാജിവച്ചത് മൂന്നു മന്ത്രിമാരടക്കം എട്ട് എംഎല്‍എമാര്‍. കഴിഞ്ഞദിവസങ്ങളില്‍ രാജിവച്ച മന്ത്രിമാരായ സ്വാമി പ്രസാദ്‌ മൗര്യയെയും ദാരാസിങ്‌ ചൗഹാന്റെയും പാതയിൽ സൈനിയും സമാജ്‌വാദി പാർടിയിൽ ചേർന്നു. ഈ ഒഴുക്ക്‌ തുടരുമെന്ന്‌ സൂചിപ്പിക്കുന്ന ഹാഷ്‌ടാഗോടെ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ ട്വിറ്ററിലൂടെ സൈനിയെ സ്വാഗതം ചെയ്‌തു. സൈനിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചു.മൗര്യയുമായി ഏറെയടുപ്പമുള്ള സൈനി ബിജെപി വിടുമെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. വ്യാഴാഴ്‌ച രാവിലെ ഔദ്യോഗിക വസതിയും വാഹനവും സൈനി മടക്കിനൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നേരിട്ടിടപെട്ട്‌ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കർഷകരെയും പിന്നാക്ക–- ദളിത്‌ വിഭാഗങ്ങളെയും തൊഴിൽരഹിതരെയും ചെറുകിട കച്ചവടക്കാരെയും ബിജെപി അവഗണിച്ചെന്ന് സൈനി രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. നാലു തവണയായി സഹാരൻപുർ മേഖലയിൽനിന്നുള്ള എംഎൽഎയായ സൈനി 2016ലാണ്‌ ബിഎസ്‌പി വിട്ട്‌ ബിജെപിയിലെത്തിയത്‌.എസ്‌പിയുടെ അടിത്തറയായ യാദവ, മുസ്ലിം വോട്ടുകൾക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യാദവേതര ഒബിസി വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ്‌ ബിജെപി ഭൂരിപക്ഷം നേടിയത്‌. ഒബിസി വിഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ കൂട്ടത്തോടെ പാർടി വിടുന്നത്‌ ബിജെപിക്ക്‌ കനത്ത ആഘാതമാണ്‌. കർഷകരോഷത്തിനു പുറമെ നേതാക്കളുടെ ചോർച്ചകൂടിയാകുമ്പോൾ ബിജെപി തെരഞ്ഞെടുപ്പിൽ ഏറെ വിയർക്കും. രാജി തുടരും:  സൈനി ഉത്തർപ്രദേശിൽ ബിജെപിയുടെ കൊഴിഞ്ഞുപോക്ക് തുടരുമെന്ന് രാജിവച്ച മന്ത്രി ധരം സിങ് സൈനി. 20 വരെ  രാജിതുടരും. ഇനിയുള്ള ദിവസം യുപിയിലെ ഒരു മന്ത്രിയും രണ്ടോ മൂന്നോ എംഎൽഎമാരും രാജിവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News