ഗെലോട്ട്‌– സച്ചിൻ പോര്‌ രൂക്ഷം: ജോഡോ യാത്ര പൊളിയാതിരിക്കാൻ പെടാപ്പാട്‌



ന്യൂഡൽഹി> രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയെത്തുംമുമ്പേ രാജസ്ഥാൻ ഘടകത്തിലെ ആഭ്യന്തര കലഹം പരിഹരിക്കാൻ കോൺഗ്രസ്‌ ഹൈക്കമാൻഡിന്റെ കഠിനയത്‌നം. മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ പക്ഷവും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌ പക്ഷവും തമ്മിലുള്ള പോരിൽ കോൺഗ്രസ്‌ ആടിയുലയുകയാണ്‌.ഡിസംബർ മൂന്നിനാണ്‌ യാത്ര രാജസ്ഥാനിലെത്തുന്നത്‌. ജലാവർ, കോട്ട, സവായ്‌ മാധോപ്പുർ, ദൗസ, അൽവാർ മേഖലകളിലൂടെ 20 ദിവസം സംസ്ഥാനത്ത്‌ പര്യടനം നടത്തും. ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഗെലോട്ടിനെയും പൈലറ്റിനെയും ഇരു വിഭാഗത്തിലെ നേതാക്കളെയും ഉൾപ്പെടുത്തി പിസിസി ഏകോപനസമിതിക്ക്‌ രൂപം നൽകി. നിരവധി മന്ത്രിമാരടക്കം ഗെലോട്ട്‌ പക്ഷത്തിനാണ്‌ ഭൂരിപക്ഷമെങ്കിലും പൈലറ്റ്‌ അനുകൂലികളും സമിതിയിലുണ്ട്‌. എന്നാൽ, ഗെലോട്ട്‌ പക്ഷത്തെ മൂന്ന്‌ പ്രമുഖർ തഴയപ്പെട്ടു. മന്ത്രിമാരായ മഹേഷ്‌ ജോഷി, ശാന്തി ധരിവാൾ, രാജസ്ഥാൻ ടൂറിസം കോർപറേഷൻ അധ്യക്ഷൻ ധർമേന്ദ്ര റാത്തോഡ്‌ എന്നിവരെയാണ്‌ നേതൃത്വം ഒഴിവാക്കിയത്‌. അശോക്‌ ഗെലോട്ടിനെ കോൺഗ്രസ്‌ പ്രസിഡന്റാക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ്‌ നീക്കം അട്ടിമറിച്ചത്‌ ഈ മൂന്ന്‌ നേതാക്കളാണ്‌. ഇവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ അജയ്‌ മാക്കൻ കഴിഞ്ഞ ദിവസം രാജസ്ഥാന്റെ ചുമതല രാജിവച്ചിരുന്നു. Read on deshabhimani.com

Related News