അഴിമതിക്കെതിരെ പോരാടാൻ ഗെലോട്ട്‌ തയ്യാറാകുന്നില്ലെന്ന്‌ സച്ചിൻ ; പദയാത്ര 
ഇന്ന്‌ സമാപിക്കും



ന്യൂഡൽഹി അഴിമതിക്കെതിരെ പോരാടാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ തയ്യാറാകുന്നില്ലെന്ന്‌ തുറന്നടിച്ച് കോൺഗ്രസ്‌ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്‌. സംസ്ഥാനത്തിന്റെ മുഖമാണ്‌ മുഖ്യമന്ത്രി. താനും അദ്ദേഹവും അഴിമതിക്കെതിരായി യോജിച്ച്‌ പോരാടേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ അദ്ദേഹം നടപടികളിലേക്ക്‌ കടക്കാൻ കൂട്ടാക്കിയില്ല. കർണാടക ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്‌ ഉയർത്തിയ അഴിമതി ആക്ഷേപങ്ങൾ ശരിയായിരുന്നെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു– പൈലറ്റ്‌ പറഞ്ഞു. ഗെലോട്ട്‌ അഴിമതിയോട്‌ സന്ധി ചെയ്യുകയാണെന്ന്‌ ആരോപിച്ച്‌ അജ്‌മീർമുതൽ ജയ്‌പുർവരെ അഞ്ചുദിവസം നീളുന്ന ജനസംഘർഷ്‌ യാത്രയുടെ നാലാം ദിവസമാണ്‌ സച്ചിൻ ആരോപണങ്ങൾ ആവർത്തിച്ചത്‌. പദയാത്ര തിങ്കളാഴ്‌ച ജയ്‌പുരിൽ വൻ റാലിയോടെ സമാപിക്കും. അതിനിടെ തനിക്ക് ബിജെപി മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായി ഒരു സൗഹൃദവുമില്ലെന്ന്‌ ഗെലോട്ട്‌ പ്രതികരിച്ചു. വസുന്ധര അടക്കമുള്ള ബിജെപി നേതാക്കൾ ഒരു ഘട്ടത്തിൽ തന്റെ സർക്കാരിനെ സംരക്ഷിച്ചെന്നു പറഞ്ഞത്‌ ചിലരിൽനിന്ന്‌ കേട്ട കാര്യമാണെന്നും സച്ചിന് പരിഹസിച്ചുകൊണ്ട് ഗെലോട്ട്‌ പറഞ്ഞു. ഗെലോട്ട്‌–- സച്ചിൻ പോര്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ് ഹൈക്കമാൻഡ്‌. Read on deshabhimani.com

Related News