രൂപ റെക്കോഡ് തകര്‍ച്ചയില്‍; ഒരു ഡോളറിന് 79.37 രൂപ



കൊച്ചി ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ എക്കാലത്തെയും മോശം വിനിമയനിരക്കായ 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി. അതായത് ഒരു ഡോളർ ലഭിക്കാൻ  79.37 രൂപ നൽകേണ്ടിവന്നു. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ തിങ്കളാഴ്ച 78.96 നാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഒറ്റ ദിവസംകൊണ്ട് 41 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. രാജ്യത്തെ വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ വിലയിടിച്ചത്. ജൂണിലെ കണക്കുപ്രകാരം 2560 കോടി ഡോളറാണ് (ഏകദേശം 2.04 ലക്ഷം കോടി രൂപ) വ്യാപാര കമ്മി. 2021 ജൂണിനെ അപേക്ഷിച്ച് 62 ശതമാനമാണ്  പെരുകിയത്. ഇതിനൊപ്പം ഡോളർ ശക്തിപ്പെട്ടതും വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പുറത്തേക്കുകൊണ്ടുപോകുന്നതും രൂപയ്ക്ക് വിനയായി. 2.29 ലക്ഷം കോടി രൂപയിലധികമാണ് ഈവർഷം ഇതുവരെ വിദേശനിക്ഷേപകർ മൂലധന വിപണിയിൽനിന്ന് പിൻവലിച്ചത്. ഈ നില തുടർന്നാൽ സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 82ലേക്ക് ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തികവിദ​ഗ്ധർ വിലയിരുത്തുന്നത്.  ജൂൺ 21ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 78ലേക്ക് താഴ്ന്നിരുന്നു. ഒമ്പതു ദിവസത്തിനിടെ 99 പൈസ നഷ്ടത്തിൽ 29ന് 79.03 എന്ന റെക്കോഡ് തകർച്ചയിൽ എത്തി. രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് പണപ്പെരുപ്പം വീണ്ടും ഉയരാനിടയാക്കും. അത് സമ്പദ്ഘടനയെ ​ഗുരുതരമായി ബാധിക്കും. Read on deshabhimani.com

Related News