മുന്‍ നിലപാട്‌ തിരുത്തുന്നു ; കാശി, മഥുര അജൻഡ ഏറ്റെടുക്കാന്‍ 
ആര്‍എസ്എസ്



ന്യൂഡൽഹി അയോധ്യക്കുശേഷം കാശി, മഥുര വിഷയങ്ങൾ ഏറ്റെടുക്കില്ലെന്ന മുന്‍ നിലപാട്‌ ആർഎസ്‌എസ്‌ തിരുത്തുന്നു. വാരാണസിയിലെ ജ്ഞാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം വസ്‌തുതയാണെന്ന പ്രചാരണവുമായി ആർഎസ്‌എസ്‌ പ്രചാർപ്രമുഖ്‌ സുനിൽ അംബേകർ രം​ഗത്തെത്തി. വസ്‌തുത പുറത്തുവരാൻ അനുവദിക്കണമെന്നും സത്യം എത്രനാൾ മൂടിവയ്‌ക്കാനാകുമെന്നും ഡൽഹിയിൽ ഒരു ചടങ്ങിൽ സുനിൽ അംബേകർ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി സഞ്‌ജീവ്‌ ബല്യാനും ഇതിനോട് യോജിച്ചു."ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത' അറിഞ്ഞപ്പോൾ താൻ വികാരാധീനനായെന്നും ബല്യാൻ പറഞ്ഞു. അയോധ്യയിൽ ബാബ്‌റി പള്ളി തകർത്ത സ്ഥലത്ത്‌ അമ്പലം പണിയാൻ സുപ്രീംകോടതി ഉത്തരവിട്ടതിനുശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കവെ കാശി, മഥുര വിഷയങ്ങൾ ഏറ്റെടുക്കാനില്ലെന്ന്‌ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ പറഞ്ഞിരുന്നു. അയോധ്യാ പ്രക്ഷോഭത്തിൽ ആർഎസ്‌എസ്‌ ഉൾപ്പെട്ടതിന്‌ ചരിത്രപരമായ കാരണങ്ങളുണ്ടെന്നും അതല്ലെങ്കിൽ പ്രക്ഷോഭങ്ങളിൽ സാധാരണ ആർഎസ്‌എസ്‌ ഉൾപ്പെടാറില്ലെന്നും ഭാഗവത്‌ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.   Read on deshabhimani.com

Related News