നിരോധിച്ചപ്പോൾ അന്ന് 
ആര്‍എസ്എസും പിരിച്ചുവിട്ടു



ന്യൂഡൽഹി ഗാന്ധിവധത്തെ തുടർന്ന്‌ നിരോധനം നേരിട്ട ഘട്ടത്തിൽ ആർഎസ്‌എസ് സംഘടന പിരിച്ചുവിട്ടെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ചെയ്ത അതേ നടപടി. അക്കാലത്തെ ആർഎസ്‌എസ്‌ തലവനായ എം എസ്‌ ഗോൾവാൾക്കറാണ്‌ സംഘടന പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്‌. ഇക്കാര്യം അറിയിച്ച്‌ നാഗ്‌പുർ ഉൾപ്പെടുന്ന അന്നത്തെ സെൻട്രൽ പ്രൊവിൻസസിന്റെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ രവിശങ്കർ ശുക്ലയ്‌ക്ക്‌ ഗോൾവാൾക്കർ കത്തയച്ചു. ‘ഗോൾവാൾക്കറുടെ തീരുമാനം; ആർഎസ്‌എസിനെ പിരിച്ചുവിട്ടു’ എന്ന തലക്കെട്ടോടെ ‘ദ ഹിന്ദു’ ദിനപ്പത്രം 1948 ഫെബ്രുവരി എട്ടിന്‌ വാർത്ത പ്രസിദ്ധീകരിച്ചു. ഗാന്ധിവധത്തെ തുടർന്ന്‌ 1948 ഫെബ്രുവരി നാലിനാണ്‌ ആർഎസ്‌എസിനെ തീവ്രവാദ സംഘടനയായിക്കണ്ട്‌ കേന്ദ്രം നിരോധിച്ചത്‌. ഗാന്ധിവധത്തെതുടർന്ന്‌ അറസ്‌റ്റിലായ ഗോൾവാൾക്കറെ ബോംബെയിലേക്ക്‌ കൊണ്ടുവരുമെന്ന ഉപതലക്കെട്ടിൽ മറ്റൊരു വാർത്തയും ഹിന്ദു നൽകി. ആർഎസ്‌എസിനെ നിരോധിച്ചതിനെത്തുടർന്ന്‌ സെൻട്രൽ പ്രൊവിൻസസ്‌ പൊലീസ്‌ നാഗ്‌പുരിൽ നിരവധി സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തിയതായും ഒട്ടേറെ പേരെ അറസ്‌റ്റ്‌ ചെയ്‌തതായും വാർത്തയിൽ പറയുന്നു. ഒരു കോളേജ്‌ അധ്യാപകനടക്കം 18 പേർ അറസ്‌റ്റിലായി. 47 ആർഎസ്‌എസുകാരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. എല്ലാ ആർഎസ്‌എസ്‌ കാര്യാലയങ്ങളും മുദ്രവച്ചു. മുളവടികൾ, കുന്തങ്ങൾ, മറ്റ്‌ ആയുധങ്ങൾ തുടങ്ങി നിരവധി വസ്‌തുവകകൾ പിടിച്ചെടുത്തെന്നും വാർത്തയിലുണ്ട്‌. നാഗ്‌പുർ സെൻട്രൽ ജയിലിലാണ്‌ ഗോൾവാൾക്കറെ അടച്ചത്‌. നാഗ്‌പുരിലെ ആർഎസ്‌എസ്‌ ആസ്ഥാനമടക്കം കണ്ടുകെട്ടിയിരുന്നു. Read on deshabhimani.com

Related News