അഖിലേന്ത്യാ സർവീസിൽ എസ്‌‌ സി, എസ്‌‌ ടി, പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം അപകടകരമാം വിധം താഴ്‌‌ന്ന നിലയിൽ



ന്യൂഡൽഹി> അഖിലേന്ത്യാ സർവീസിലെ പട്ടികജാതി - പട്ടികവർഗ്ഗ , മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം അപകടകരമാം വിധം താഴ്‌ന്ന നിലയിലെന്ന് കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ. ഐഎഎസ്, ഐപിഎസ്, ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് എന്നിവയിലേക്ക് നടത്തിയ നിയമനങ്ങളിൽ (നേരിട്ടും പ്രൊമോഷൻ മുഖേനയും) ഒ ബി സി, എസ്‌ സി, എസ്‌ ടി വിഭാഗങ്ങളുടെ പ്രാതിനിധ്യം യഥാക്രമം 15.92 ശതമാനം, 7.65 ശതമാനം, 3.8 ശതമാനം എന്നിങ്ങനെയാണ്. രാജ്യസഭാ​ഗം ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾകേന്ദ്രം വെളിപ്പെടുത്തിയത്. 2011ലെ സെൻസസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ എസ്‌ സി, എസ്‌ ടി വിഭാഗങ്ങൾ മൊത്തം ജനസംഖ്യയുടെ യഥാക്രമം 16.6 ശതമാനവും 8.6 ശതമാനവുമാണ്. ജാതി സെൻസസ് നടത്താത്തതു മൂലം ഒബിസിയെ സംബന്ധിച്ച ഔദ്യോഗികമായ കണക്കില്ലെങ്കിലും മൊത്തം ജനസംഖ്യയുടെ  41 ശതമാനം മുതൽ 52 ശതമാനം വരെ വരുമെന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെയായിരിക്കെ അഖിലേന്ത്യാ സർവീസിൽ ഈ വിഭാഗങ്ങൾക്ക് അർഹമായതിന്റെ പകുതിപോലും പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് വസ്‌തുതയാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ പ്രതിലോമകരമായ നിലപാട് ഉപേക്ഷിച്ച് ഒ ബി സി, എസ്‌ സി, എസ്‌ ടി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം അഖിലേന്ത്യ സർവ്വീസിൽ ഉറപ്പാക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News