അച്ചടിച്ചതും പിൻവലിച്ചതും എന്തിന്‌?; മറുപടിയില്ലാതെ കേന്ദ്രം, ആർബിഐ



ന്യൂഡൽഹി  2000 രൂപയുടെ കറൻസി അച്ചടിച്ചത്‌ എന്തിനെന്നും ഇപ്പോൾ പിൻവലിക്കുന്നത്‌ എന്തുകൊണ്ടൊണെന്നും വിശദീകരിക്കാനാകാതെ റിസർവ്‌ ബാങ്കും കേന്ദ്ര സർക്കാരും. 2016 നവംബറിൽ 500, 1000 കറൻസികൾ ഒറ്റയടിക്ക്‌ പിൻവലിച്ചപ്പോൾ  അനുഭവപ്പെട്ട  നോട്ട്‌ക്ഷാമം മറികടക്കാനാണ്‌ 2000 രൂപ അച്ചടിച്ചതെന്നാണ്‌ റിസർവ്‌ ബാങ്കിന്റെ പുതിയ വ്യാഖ്യാനം. കറൻസിക്ഷാമം കുറയ്‌ക്കാനെങ്കിൽ 2000 രൂപ കറൻസി അച്ചടിക്കാനുള്ള തീരുമാനം ആരുടെയായിരുന്നു എന്ന ചോദ്യത്തിന്‌ ആർബിഐ മറുപടി നൽകുന്നില്ല. 2018 മുതൽ രണ്ടായിരത്തിന്റെ കറൻസി അച്ചടി നിർത്തി. പിൻവലിച്ച 500 രൂപ കറൻസി വീണ്ടും അച്ചടിച്ചെങ്കിലും 1000 രൂപ കറൻസി വീണ്ടും ഇറക്കാൻ തയ്യാറായില്ല. കള്ളപ്പണം തടയലായിരുന്നു നോട്ട്‌ നിരോധനത്തിന്റെ ലക്ഷ്യമായി ബിജെപിയും അവകാശപ്പെട്ടത്‌. എന്നാല്‍ 2000 രൂപ ഇറക്കിയത്‌ കള്ളപ്പണക്കാർക്ക്‌ അനുഗ്രഹമായി. പ്രചാരത്തിലുള്ള 2000 രൂപ കറന്‍സി മൂല്യം 2018 മാർച്ചിൽ 6.73 ലക്ഷം കോടിയായി. 2018ന്‌ ശേഷം അച്ചടി നിർത്തിയിട്ടും 3.62 ലക്ഷം കോടിയുടെ 2000 രൂപ കറൻസിപ്രചാരത്തിലുണ്ട്‌. സാധാരണക്കാരുടെ പക്കൽ 2000 രൂപ കറൻസി ഇല്ല.  പുറത്തുള്ള 2000 രൂപ കറൻസിയിൽ സിംഹഭാഗവും കള്ളപ്പണമാണെന്ന് വ്യക്തം. 2000 രൂപ മാറ്റിയെടുക്കാൻ തിരിച്ചറിയൽ കാർഡോ മറ്റു രേഖകളോ ആവശ്യമില്ലെന്നത് കള്ളപ്പണം എളുപ്പത്തിൽ വെളുപ്പിക്കാനുള്ള മാർഗമാകും. Read on deshabhimani.com

Related News