ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ്‌ ജുൻജുൻവാല അന്തരിച്ചു



മുംബൈ > പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ രാകേഷ്‌ ജുൻജുൻവാല (62) അന്തരിച്ചു. ഇന്ന്‌ രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ആകാശ എയർ വിമാനക്കമ്പനി ഉടമയാണ്‌. ഇന്ത്യയുടെ വാരൻ ബഫറ്റ്‌ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല. 1960 ൽ മുംബൈയിലെ മാർവാടി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു. ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വിശേഷിപ്പിച്ചിരുന്നു. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്‌സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്. Read on deshabhimani.com

Related News