ചട്ടവിരുദ്ധ സസ്‌പെൻഷൻ : ഇടതുപക്ഷം ഇറങ്ങിപ്പോയി

videograbbed image എംപിമാരുടെ പ്രതിഷേധം മഴയെത്തുടർന്ന്‌ പാർലമെന്റിന്റെ പ്രധാന കവാടത്തിലേക്ക്‌ മാറ്റിയപ്പോൾ


ന്യൂഡൽഹി സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീമിനെ ചട്ടവിരുദ്ധമായി പുറത്താക്കിയതിനെ ന്യായീകരിച്ച സഭാധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ഇടതുപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. പകൽ രണ്ടിന്‌ സഭ ചേർന്നപ്പോൾ ക്രമപ്രശ്നം ഉന്നയിച്ച ജോൺ ബ്രിട്ടാസ് ,നടപടി  256–-ാം ചട്ടത്തിന്‌ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി. സസ്‌പെൻഡ് ചെയ്യുംമുമ്പ്‌ സഭാധ്യക്ഷൻ എംപിയെ പേരെടുത്ത്‌ പരാമർശിക്കണം. രാജ്യസഭാ സെക്രട്ടറിയറ്റ്‌ ബുള്ളറ്റിനിൽ 33 എംപിമാരുടെ പേരുണ്ട്‌. അതിൽ പേരില്ലാത്ത എളമരം കരീമിനെയും പുറത്താക്കി. എല്ലാ എംപിമാരുടെയും സസ്‌പെൻഷൻ പിൻവലിക്കണം–- ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ സഭാധ്യക്ഷന്റെ തീർപ്പ്‌ അന്തിമമാണെന്ന്‌  ഉപാധ്യക്ഷൻ ഹരിവംശ്‌ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ്‌ വിഷയം ഉയർത്തിപ്പോൾ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടവരുടെയെല്ലാം പേര്‌ പരാമർശിച്ചെന്നാണ്സഭാധ്യക്ഷൻ വെങ്കയ്യ നായിഡു അവകാശപ്പെട്ടത്. മറുപടിയില്ലാതെ കേന്ദ്രം 12 എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിനെതിരായ പ്രതിപക്ഷ പ്രതിഷേധം വ്യാഴാഴ്‌ചയും പാർലമെന്റിൽ തുടർന്നു. രാജ്യസഭയിൽ ശൂന്യവേള പൂർണമായും സ്‌തംഭിച്ചു. ലോക്‌സഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഒച്ചപ്പാടിനിടയിലും സ്‌പീക്കർ ഓം ബിർള നടപടികളുമായി മുന്നോട്ടു നീങ്ങി. സസ്‌പെൻഡ്‌ ചെയ്യപ്പെട്ട എംപിമാർ മോശം കാലാവസ്ഥയിലും പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിൽ ധർണ തുടർന്നു. പകൽ 10 മുതൽ 11 വരെ മറ്റ്‌ പ്രതിപക്ഷാംഗങ്ങളും പങ്കാളികളായി. മഴ പെയ്‌തതോടെ ധർണ പാർലമെന്റിന്റെ പ്രധാന കവാടത്തിന്‌ മുന്നിലേക്ക്‌ മാറ്റി. സർക്കാരും പ്രതിപക്ഷവും ചർച്ച നടത്തി സസ്‌പെൻഷൻ വിഷയം പരിഹരിക്കണമെന്ന്‌ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയിൽ നിർദേശിച്ചു. എന്നാൽ, സസ്‌പെൻഷൻ ചട്ടമായ 256 പ്രകാരം കഴിഞ്ഞ സമ്മേളന കാലയളവിലെ സംഭവങ്ങളുടെ പേരിൽ ഈ സമ്മേളന കാലയളവിൽ എങ്ങനെയാണ്‌ സസ്‌പെൻഷൻ സാധ്യമാകുകയെന്ന്‌ വിശദീകരിക്കാൻ സഭാധ്യക്ഷൻ തയ്യാറായില്ല. Read on deshabhimani.com

Related News