രാജ്യസഭയിലെ പ്രതിഷേധം : ‘അന്വേഷണ സമിതി' നീക്കം പൊളിഞ്ഞു



ന്യൂഡൽഹി രാജ്യസഭയിൽ ആഗസ്‌ത്‌ 11ന് ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെക്കുറിച്ച്‌ അന്വേഷിക്കാൻ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കാനുള്ള കേന്ദ്രനീക്കത്തിന്‌ തിരിച്ചടി. സമിതിയില്‍ ചേരാനില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ അറിയിച്ചു. സമിതിയുണ്ടാക്കുന്നതിലൂടെ എംപിമാരെ ഭീഷണിപ്പെടുത്താനാണ്‌ നീക്കമെന്ന് നായിഡുവിന്‌ അയച്ച കത്തിൽ ഖാർഗെ തുറന്നടിച്ചു. ആഗസ്‌ത്‌ 11ന്‌ രാജ്യസഭ ജനറൽ ഇൻഷുറൻസ്‌ സ്വകാര്യവൽക്കരണ ബിൽ പരിഗണിക്കവെ പ്രതിപക്ഷത്തെ നേരിടാന്‍ സര്‍ക്കാര്‍ മാര്‍ഷല്‍മാരെ കൂട്ടത്തോടെ ഇറക്കി. പ്രതിപക്ഷ എംപിമാർ മാർഷൽമാരെ മർദിച്ചെന്ന്‌ പ്രചരിപ്പിച്ചു. സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം അടക്കമുള്ളവർക്കെതിരെ  ചില മാര്‍ഷല്‍മാരെക്കൊണ്ട് പരാതികൊടുപ്പിച്ചു. മാർഷൽമാർതന്നെയാണ്‌ മർദിച്ചതെന്ന്‌ ചൂണ്ടിക്കാട്ടി എളമരം കരീം രാജ്യസഭാ സെക്രട്ടറി ജനറലിന്‌ കത്തയച്ചു,  സഭാ നടപടികളുടെ പൂർണമായ വീഡിയോ ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഭവം അന്വേഷിക്കാനെന്ന പേരില്‍ സമിതി രൂപീകരിക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ ഖാർഗെയ്‌ക്ക്‌ കത്തയച്ചത്. കൂടാതെ, ഫോണിൽ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. ഖാര്‍​ഗെയ്‌ക്കു പിന്നാലെ  മറ്റ്‌ പ്രതിപക്ഷ പാർടികളും സമിതിയുമായി സഹകരിക്കില്ലെന്ന്‌ അറിയിച്ചു. Read on deshabhimani.com

Related News