പേരറിവാളന്റെ ശിക്ഷാ ഇളവ്‌: ഗവർണറുടെ നടപടിയുടെ യുക്തി വിശദീകരിക്കാൻ സുപ്രീംകോടതി നിർദേശം



ന്യൂഡൽഹി രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‌ ശിക്ഷാഇളവ്‌ നൽകാമെന്ന മന്ത്രിസഭാ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കുവിടാൻ ഗവർണർക്ക്‌ അധികാരമുണ്ടോയെന്ന്‌ വിശദീകരിക്കാൻ കേന്ദ്ര സർക്കാരിന്‌ സുപ്രീംകോടതി നിർദേശം.  ഭരണഘടനപ്രകാരം സംസ്ഥാനത്തിനുവേണ്ടി തീരുമാനമെടുക്കേണ്ടത്‌ ഗവർണറാണെന്ന്‌ സുപ്രീംകോടതി ഓർമിപ്പിച്ചു. എന്നാൽ, അദ്ദേഹം ആ തീരുമാനമെടുക്കാതെ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിട്ടതിന്റെ ഔചിത്യം എന്താണെന്നും ജസ്റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്‌ ആരാഞ്ഞു. ഗവർണറുടെ നടപടിയെ കേന്ദ്ര സർക്കാർ എന്തിനാണ്‌ ന്യായീകരിക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല. രാഷ്ട്രപതിയുടെ തീരുമാനം എന്താണെന്നത്‌ കോടതി പരിഗണിക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.പേരറിവാളനെ വിട്ടയക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന്‌ മുമ്പ്‌ ഹർജി വാദംകേൾക്കവെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇരുപത്തിഅഞ്ച്‌ വർഷത്തിലധികം തടവ്‌ശിക്ഷ അനുഭവിച്ച ഒട്ടേറെപ്പേരെ മോചിപ്പിച്ചിട്ടും എന്തുകൊണ്ടാണ്‌ പേരറിവാളന്‌ ഇളവില്ലാത്തതെന്ന്‌ കോടതി ചോദിച്ചു. ശിക്ഷ ഇളവ്‌ ചെയ്യേണ്ടത്‌ ആരാണെന്ന നിയമ തർക്കത്തിനുനിൽക്കാതെ രാഷ്‌ട്രപതിക്കോ ഗവർണർക്കോ, ആർക്കുവേണമെങ്കിലും 36 വർഷമായി തടവിൽ കഴിയുന്നയാളെ വിട്ടയക്കാമെന്നും നിരീക്ഷിച്ചിരുന്നു. ഗവർണറുടെ നടപടി ഫെഡറലിസത്തിന്‌ ആഘാതമാണെന്ന രൂക്ഷ വിമർശവും കോടതി അന്ന്‌ ഉന്നയിച്ചു. ബെൽറ്റ്‌ബോംബിൽ ഉപയോഗിച്ച ഒമ്പത്‌ വാട്ടിന്റെ രണ്ട്‌ ബാറ്ററി വാങ്ങി നൽകി എന്നതാണ് പേരറിവാളന്റെ പേരിലുള്ള കേസ്‌. അറസ്റ്റിലാകുമ്പോൾ 19 വയസ്സായിരുന്നു. പേരറിവാളന്റെ വധശിക്ഷ 2014ൽ ജീവപര്യന്തമാക്കി. ശിക്ഷ ഇളവിന്‌ 2018ൽ തമിഴ്‌നാട്‌ സർക്കാർ ഗവർണറോട്‌ശുപാർശ ചെയ്‌തു. ഇതിലാണ്‌ രാഷ്ട്രപതിയുടെ തീരുമാനം അനന്തമായി നീളുന്നത്‌. Read on deshabhimani.com

Related News