രാജസ്ഥാനും പഞ്ചാബിന്റെ വഴിയേ



ന്യൂഡൽഹി രാജ്യത്ത്‌ കോൺഗ്രസ്‌ ഭരണത്തിലുള്ള രണ്ട്‌ സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാനും നീങ്ങുന്നത്‌ പഞ്ചാബിൽ സംഭവിച്ചതിന്‌ സമാനമായ സാഹചര്യത്തിലേക്ക്‌. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായാണ്‌ ബിജെപി വിട്ടെത്തിയ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിന്റെ വിമതനീക്കങ്ങളിൽ ആശങ്കപ്പെട്ട്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ഹൈക്കമാൻഡ്‌ പുറത്താക്കിയത്‌. പകരം ദളിത്‌ വിഭാഗത്തിൽനിന്നുള്ള നേതാവെന്ന പരിവേഷത്തിൽ അനുഭവസമ്പത്തില്ലാത്ത ചരൺജിത്ത്‌ ചന്നിയെ മുഖ്യമന്ത്രിയാക്കി. ചന്നി മുഖ്യമന്ത്രിയായശേഷവും സിദ്ദു വിമതപ്രവർത്തനം തുടർന്നു. അമരീന്ദറാകട്ടെ കോൺഗ്രസ്‌ വിട്ട്‌ മറ്റൊരു പാർടി രൂപീകരിച്ചു. ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ ആത്മവിശ്വാസത്തോടെ നീങ്ങിയിരുന്ന കോൺഗ്രസിന്‌ മുഖ്യമന്ത്രി മാറ്റത്തോടെ കാലിടറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ സഭയിൽ 77 സീറ്റിൽനിന്ന്‌ 18ലേക്ക്‌ കോൺഗ്രസ്‌ ചുരുങ്ങി. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുവരെ കളത്തിലില്ലാതിരുന്ന ആംആദ്‌മി പാർടി 92 സീറ്റോടെ ഭരണം പിടിച്ചു. രാജസ്ഥാനിലും സമാന സാഹചര്യമാണ്‌ ഉരുത്തിരിയുന്നത്‌. രാജസ്ഥാനിൽ 92 കോൺഗ്രസ്‌ എംഎൽഎമാർ ഗെലോട്ട്‌ പക്ഷത്താണ്‌. 18 എംഎൽഎമാർ മാത്രമാണ്‌ സച്ചിൻ പൈലറ്റിനൊപ്പമുള്ളത്‌. 2020ൽ ഈ എംഎൽഎമാരുമായി സച്ചിൻ ബിജെപിയുടെ പടിവാതിൽക്കൽവരെ എത്തിയെങ്കിലും ഗെലോട്ട്‌ പിടിച്ചുനിന്നു.  സച്ചിനെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി നൽകിയ വാക്കാണ്‌ അടുത്ത മുഖ്യമന്ത്രിസ്ഥാനം. ഗെലോട്ടിനെ ‘പാവ’ പ്രസിഡന്റായി നിയമിച്ചും സച്ചിനെ മുഖ്യമന്ത്രിയായി വാഴിച്ചും പ്രിയങ്കയുടെ വാക്കുപാലിക്കാനാണ്‌ ഹൈക്കമാൻഡ്‌ ശ്രമിച്ചത്‌. രാഷ്ട്രീയ യാഥാർഥ്യം തിരിച്ചറിയാതെ ഗെലോട്ടിനെ മാറ്റാനുള്ള നീക്കവുമായി ഹൈക്കമാൻഡ്‌ നീങ്ങിയാൽ പഞ്ചാബിന്റെ വഴിയേ രാജസ്ഥാൻ കോൺഗ്രസും നീങ്ങിയേക്കും.   Read on deshabhimani.com

Related News