എബിവിപി പരാതി: രാജസ്ഥാൻ കേന്ദ്രസർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കണ്ടതിന്‌ 11 പേർക്ക്‌ സസ്‌പെൻഷൻ



ന്യൂഡൽഹി> അജ്‌മീരിലെ രാജസ്ഥാൻ കേന്ദ്രസർവകാലാശാലയിൽ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട  ബിബിസി ഡോക്യുമെന്ററി കണ്ടുവെന്ന്‌ ആരോപിച്ച്‌  11 വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തു. എബിവിപി നൽകിയ പരാതിയെ തുടർന്നാണ്‌ സർവകലാശാലയുടെ നടപടി.  ന്യൂനപക്ഷ വിദ്യാർഥികളാണ്‌ നടപടി നേരിട്ടതിൽ ഏറെയും. ഡോക്യുമെന്ററി കണ്ടുവെന്നാരോപിച്ച്‌ എബിവിപി   24 വിദ്യാർഥികളുടെ പേരടങ്ങിയ പട്ടിക പ്രചരിപ്പിച്ചിരുന്നു. പിന്നാലെ സർവകലാശാല ‘അന്വേഷണം’ നടത്തി നടപടിയെടുക്കുകയായിരുന്നു. ക്രമസമാധാനം മുൻനിർത്തി  ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്‌ നിരോധിച്ചതായും സർവകലാശാല ഉത്തരവിൽ പറയുന്നു. 26ന്‌ സർവകലാശാലയിലെ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപം വിദ്യാർഥികൾ ഡോക്യുമെന്ററി ഫോണിൽ കണ്ടതാണ്‌ പ്രകാപനത്തിന്‌ കാരണം. സംഭവമറിഞ്ഞ്‌ എബിവിപിക്കാരെത്തിയതോടെ സംഘർഷാവസ്ഥയായി. ഇവർ പ്രകോപനപരമായ മുദ്രാവാക്യവും മുഴക്കിയെന്നും  സുരക്ഷാജീവനക്കാരും എബിവിപിക്കാർക്ക്‌ ഒത്താശ ചെയ്‌തുവെന്നും  വിദ്യാർഥികൾ കുറ്റപ്പെടുത്തി. ഡോക്യുമെന്ററി കണ്ടവരെ വെടിവെച്ച്‌ കൊല്ലണമെന്ന്‌ മുദ്രാവാക്യം മുഴക്കിയതായും വിദ്യാർഥികൾ പറയുന്നു. അതേസമയം സ്വന്തം ഫോണിൽ ഡോക്യുമെന്ററി കണ്ടതിന്‌ നടപടിയെടുത്ത സർവകാലാശ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. Read on deshabhimani.com

Related News