വെള്ളിയാഴ്‌ച ഹാജരാകാനാകില്ല; 3 ദിവസം ‘അവധി’ വേണമെന്ന്‌ ഇഡിയോട് രാഹുൽ



ന്യൂഡൽഹി നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെള്ളിയാഴ്‌ച ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന്‌ അറിയിച്ച്‌ രാഹുൽഗാന്ധി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ കത്തുനൽകി. തുടർച്ചയായ മൂന്നു ദിവസം 30 മണിക്കൂറോളം രാഹുലിനെ ചോദ്യംചെയ്‌തു. വ്യാഴാഴ്‌ച അസൗകര്യം അറിയിച്ചതോടെയാണ്‌ ചോദ്യം ചെയ്യൽ വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റിയത്‌. എന്നാൽ, വെള്ളിയാഴ്‌ച ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും തിങ്കളാഴ്‌ചത്തേക്ക്‌ സമയം നീട്ടണം എന്നുമാവശ്യപ്പെട്ട്‌ രാഹുൽ ഇഡിക്ക്‌ ഇ–-മെയിൽ അയച്ചിരുന്നു. കോവിഡ്‌ ബാധിച്ച്‌ അമ്മയും കോൺഗ്രസ്‌ പ്രസിഡന്റുമായ സോണിയ ഗാന്ധി ചികിത്സയിലുള്ളത്‌ ചൂണ്ടിക്കാട്ടിയാണ്‌ മെയിലയച്ചത്‌. താനും സഹോദരിയും അമ്മയോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും മെയിലിൽ പറയുന്നു. അപേക്ഷ ഇഡി അംഗീകരിച്ചു. തിങ്കൾ ചോദ്യം ചെയ്യൽ തുടരും.  ഞായറാഴ്‌ച രാഹുലിന്റെ 52–-ാം ജൻമദിനമാണ്‌. കേസിൽ ഹാജരാകാൻ സോണിയക്ക്‌ 23ലേക്ക്‌ സമയം നീട്ടിനൽകിയിട്ടുണ്ട്‌. അന്തരിച്ച കോൺഗ്രസ്‌ നേതാവും പാർടി ട്രഷററുമായിരുന്ന മോട്ടിലാൽ വോറയാണ്‌ ഇടപാടുകൾക്ക്‌ മേൽനോട്ടം വഹിച്ചിരുന്നതെന്നും വിശദാംശങ്ങൾ അറിയില്ലെന്നും രാഹുൽ ഇഡിക്ക്‌ മറുപടി നൽകിയെന്ന വിവരം പുറത്തുവന്നു. രാഹുൽ അങ്ങനെ പറഞ്ഞതായി കരുതുന്നില്ലെന്ന് മോട്ടിലാൽ വോറയുടെ മകൻ അരുൺവോറ പ്രതികരിച്ചു. Read on deshabhimani.com

Related News