സൂറത്ത് കോടതിയില്‍ അസാധാരണ നീക്കം ; ‘ഉയരുന്നത്‌ നിയമപരമായ 
ചോദ്യങ്ങൾ’



ന്യൂഡൽഹി രാഹുൽ ഗാന്ധിയെ ശിക്ഷിച്ചുള്ള ഉത്തരവ്‌ സൂറത്ത്‌ കോടതിയിൽനിന്നുണ്ടായത്‌ അസാധാരണ നീക്കങ്ങൾക്കൊടുവിൽ. ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ്‌ മോദി 2019 ഏപ്രിൽ 16നാണ്‌ രാഹുലിനെതിരെ മാനനഷ്ടക്കേസ്‌ ഫയൽ ചെയ്‌തത്‌. 2021 ജൂലൈ 24ന്‌ അന്നത്തെ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ എസ്‌ എൻ ദവേ മുമ്പാകെ ഹാജരായി രാഹുൽ മൊഴിനൽകി. പിന്നീട്‌ വീണ്ടും രാഹുലിനെ വിളിച്ചുവരുത്തണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേട്ട്‌ നിരാകരിച്ചതോടെ പരാതിക്കാരൻ സ്‌റ്റേ ആവശ്യപ്പെട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ ഹൈക്കോടതി ജസ്റ്റിസ്‌ വിപിൻപഞ്ചോലി സ്‌റ്റേ അനുവദിച്ചു. 11 മാസത്തിനുശേഷം ഫെബ്രുവരി 16ന്‌ സ്‌റ്റേ നീക്കാനുള്ള ഹർജിക്കാരന്റെ അപേക്ഷയിൽ അതേ ജഡ്‌ജി സ്‌റ്റേ നീക്കി. അപ്പോഴേക്കും കേസ്‌ പരിഗണിച്ചിരുന്ന ജഡ്‌ജി മാറി ശിക്ഷ വിധിച്ച എച്ച്‌ എച്ച്‌ വർമ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ടായി ചുമതലയേറ്റു. അദാനി–- ഹിൻഡൻബർഗ്‌ വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിനെ പിടിച്ചുകുലുക്കുമ്പോഴാണ്‌ ഹർജിക്കാരൻ കേസ്‌ വീണ്ടും സജീവമാക്കിയത്‌.  ഹർജിക്കാരൻ സ്‌റ്റേ വാങ്ങിയതും പിന്നീട്‌ പുതിയ സിജെഎം ചുമതലയേറ്റതിനുപിന്നാലെ സ്‌റ്റേ പിൻവലിപ്പിച്ചതും ദുരൂഹമാണ്‌. പുതിയ സിജെഎം ആകട്ടെ അതിവേഗം വാദംകേട്ട്‌ ശിക്ഷ വിധിച്ചു. ‘ഉയരുന്നത്‌ നിയമപരമായ 
ചോദ്യങ്ങൾ’ സിആർപിസി 202–-ാം വകുപ്പ്‌ പ്രകാരം സ്വന്തം അധികാരപരിധിക്ക്‌ പുറത്തുള്ള ഒരാൾക്ക്‌ എതിരെയുള്ള കേസാണെങ്കിൽ കോടതികൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്‌. പ്രാഥമിക അന്വേഷണം നടത്തി ആരോപണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണമെന്നതാണ്‌ സാധാരണ കീഴ്‌വഴക്കം. രാഹുലിന്റെ കേസിൽ ഇതുണ്ടായില്ലെന്ന്‌ അഭിഭാഷകർ പറയുന്നു.  ഒരു സംഘത്തെയോ ഒരു വിഭാഗത്തെയോ അപകീർത്തിപ്പെടുത്തിയെന്നാണ്‌ പരാതിയെങ്കിൽ പരാതിയുള്ള നിരവധിപേരെ കണ്ടെത്തി തുടർനടപടി സ്വീകരിക്കേണ്ടിവരും. ഇതിന്‌ കഴിഞ്ഞില്ലെങ്കിൽ കേസിലെ തുടർനടപടികൾ അവതാളത്തിലാകുമെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്‌. രാഹുലിന്റെ കേസിൽ അത്തരം അന്വേഷണങ്ങളോ അപഗ്രഥനങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യവും അവശേഷിക്കുന്നു. Read on deshabhimani.com

Related News