ഉത്തരങ്ങളിൽ തൃപ്‌തി ഇല്ല ; രാഹുലിനെ ഇന്നും ചോദ്യം ചെയ്യും



ന്യൂഡൽഹി നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഇന്നും ചോദ്യം ചെയ്യും. രണ്ടാം ദിവസമായ ചൊവ്വാഴ്‌ച പത്തുമണിക്കൂറാണ്‌ ചോദ്യം ചെയ്‌തത്‌.  രാഹുലിന്റെ ഉത്തരങ്ങളിൽ തൃപ്‌തി ഇല്ലെന്നും ചോദ്യങ്ങളെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പ്‌ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ പ്രതികരിച്ചു. ഇതോടെ ആകെ 21 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ എഐസിസി ആസ്ഥാനത്ത്‌ നേതാക്കളെ കണ്ടശേഷം പകൽ പതിനൊന്നോടെ രാഹുൽ ഇഡി ഓഫീസിൽ എത്തി.ഇഡി ഓഫീസിനു പുറത്ത്‌ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചു. ഇവരെ ഡൽഹി പൊലീസും ദ്രുതകർമസേനാ അംഗങ്ങളും ബലംപ്രയോഗിച്ച്‌ നീക്കി. തിങ്കളാഴ്‌ച്ച 10 മണിക്കൂറോളം ചോദ്യംചെയ്‌ത ശേഷമാണ്‌ രാഹുലിനെ വിട്ടയച്ചത്‌. 25ഓളം ചോദ്യം നൽകിയശേഷം ഉത്തരം എഴുതിനൽകാന്‍ നിര്‍ദേശിച്ചു. രേഖകൾ കാണിച്ചായിരുന്നു ചോദ്യംചെയ്യൽ. പകൽ മൂന്നരയോടെ രാഹുലിനെ ഉച്ചഭക്ഷണത്തിന്‌ വിട്ടയച്ചു. 4.40ന്‌ മടങ്ങിയെത്തിയ രാഹുലിനെ വീണ്ടും ചോദ്യംചെയ്‌തു. 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്‌ദാനം തട്ടിപ്പാണെന്ന്‌ ചോദ്യംചെയ്യലിനിടെ രാഹുൽ ട്വീറ്റ്‌ ചെയ്‌തു. Read on deshabhimani.com

Related News