രാഹുൽ ഗാന്ധിയുടെ മനസ് മാറാൻ കോൺഗ്രസ്‌ ചിന്തൻ ശിബിറിൽ പൂജ



ഉദയ്‌പുർ > കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്ക്‌ മനസ്സുണ്ടാകണമെന്ന പ്രാർഥനയോടെ ചിന്തൻ ശിബിർ വേദിയിൽ പ്രത്യേക പൂജ. ഹോമകുണ്ഡം ഒരുക്കി രാഹുൽ–- പ്രിയങ്ക സേനയാണ്‌ പൂജ നടത്തിയത്‌. അധ്യക്ഷപദവി ഏറ്റെടുക്കാൻ മടിക്കുന്ന രാഹുലിന്റെ മനസ്സ്‌ മാറാനാണ്‌ പൂജയെന്ന്‌ സംഘാടകർ പറഞ്ഞു. മൃദുഹിന്ദുത്വ സമീപനത്തെ ജി–-23 വിഭാഗമടക്കം വിമർശിക്കുന്നതിനിടെയാണ്‌ ചിന്തൻ ശിബിർ പൂജയ്‌ക്ക്‌ വേദിയായത്‌. തെരഞ്ഞെടുപ്പുകാലത്ത്‌ രാഹുലും പ്രിയങ്കയും ക്ഷേത്രങ്ങൾ സന്ദർശിച്ച്‌ പൂജ നടത്തുന്നതിനെതിരെയും വിമർശമുയർന്നിരുന്നു. ആഗസ്‌തിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലൂടെ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക്‌ മടങ്ങിയെത്തണമെന്ന്‌ മുതിർന്ന നേതാക്കൾ ഒന്നായി ആവശ്യപ്പെട്ടു. ഒക്‌ടോബർ മുതൽ രാജ്യവ്യാപകമായി ജനജാഗരൺ യാത്രയ്‌ക്കും രാഹുൽ നേതൃത്വം നൽകണം. കോൺഗ്രസ്‌ ദുർബലപ്പെട്ട ഉത്തരേന്ത്യ കേന്ദ്രീകരിച്ചാകണം യാത്ര. ചിന്തൻ ശിബിരത്തിനിടെ സോണിയ ഗാന്ധി വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെയും പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ്‌ രാഹുലിനായി കൂട്ട മുറവിളി ഉയർന്നത്‌. രാഹുലും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News