അഴിമതി: പഞ്ചാബിൽ ആം ആദ്‌മി മന്ത്രി അറസ്‌റ്റിൽ; സർക്കാരിൽനിന്നും പുറത്താക്കി

മുഖ്യമന്ത്രി ഭാഗവന്ത്‌ മൻ, വിജയ്‌ സിംഗ്ല


ന്യൂഡൽഹി > അഴിമതിയാരോപണത്തെ തുടർന്ന്‌ ആരോഗ്യ – കുടുംബക്ഷേമ മന്ത്രി വിജയ്‌ സിംഗ്ലയെ അറസ്‌റ്റ്‌ ചെയ്‌തു. നേരത്തെ സിംഗ്ലയെ ആപ്പ്‌ സർക്കാരിൽനിന്നും പുറത്താക്കിയിരുന്നു. കരാറുകാരിൽ നിന്നും കമീഷൻ ആവശ്യപ്പെട്ടത്‌ തെളിഞ്ഞെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാൻ പൊലീസിന്‌ നിർദേശം നൽകിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. കരാർ തുകയുടെ ഒരു ശതമാനം സിഗ്ല കമീഷനായ ആവശ്യപ്പെട്ടതിന്‌ ശക്തമായ തെളിവുണ്ടെന്നും ഓഫീസ്‌ പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. ഏഴുവർഷം മുമ്പ്‌ ആപ്പിൽ ചേർന്ന സിംഗ്ല പഞ്ചാബിലെ അറിയപ്പെടുന്ന ദന്തരോഗ വിദഗ്‌ധൻ കൂടിയാണ്‌. മാൻസ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹത്തൊട്‌ എംഎൽഎ പദവി  രാജിവെക്കാൻ പാർടി ആവശ്യപ്പെട്ടേക്കും.  മണ്ഡലത്തിന്‌  മുപ്പതുവർഷത്തിന്‌ ശേഷമായിരുന്നു ഒരു മന്ത്രിയെ ലഭിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുനേടിയ സ്ഥാനാർഥികളിൽ ഒരാളും സിംഗ്ലയായിരുന്നു. നേരത്തെ ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ വിവരമറിയിക്കാൻ തന്റെ സ്വകാര്യ വാട്‌സ്‌ആപ്പ്‌ നമ്പർ മുഖ്യമന്ത്രി ഭാഗവന്ത്‌ മൻ ജനങ്ങൾക്ക്‌ നൽകിയിരുന്നു. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ പഞ്ചാബിൽ അധികാരത്തിലെത്തിയ ആപ്പ്‌ സർക്കാരിന്‌ മൂന്നാംമാസം അഴിമതിയുടെ പേരിൽ തന്നെ മന്ത്രിയെ പുറത്താക്കേണ്ടി വന്നത്‌ ക്ഷീണമായി. ഡൽഹിയിൽ 2015 ൽ അഴിമതിയാരോപണം നേരിട്ട മന്ത്രി  അസിം അഹമ്മദ് ഖാനെ ടിവി പരിപാടിക്കിടെ മുഖ്യമന്ത്രി അവരിന്ദ്‌ കേജ്രിവാളും പുറത്താക്കിയിരുന്നു.  കൈക്കൂലി വാങ്ങിയ ആപ്പ്‌ കോർപറേഷൻ കൗൺസിലർമാരിൽ ചിലർക്കെതിരെ അടുത്തിടെയാണ്‌ നടപടിയെടുത്തത്‌. പാർടിയിൽ അഴിമതിക്കാർ കൂടുന്നുവെന്ന വിലയിരുത്തലിനെ നേതൃത്വം ആശങ്കയോടെയാണ്‌ കാണുന്നത്‌. Read on deshabhimani.com

Related News