ബിജെപിയും തൃണമൂലും ജനാധിപത്യത്തിന്റെ ശത്രുക്കൾ: പ്രകാശ് കാരാട്ട്



കൊൽക്കത്ത ജനാധിപത്യത്തിന്റെ തുല്യശത്രുക്കളാണ് ബിജെപിയും തൃണമൂലുമെന്ന‌്സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഐ എം ഉത്തര കൊൽക്കത്ത സ്ഥാനാർഥി കനിക ബോസിന്റെ പ്രചാരണാർഥം ഡൽഹൗസി സ‌്ക്വയറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ൽ അധികാരത്തിലേറിയ ബിജെപി രാജ്യത്ത് ജനാധിപത്യവ്യവസ്ഥ തകർത്തു. അതിനുമുമ്പ് ബംഗാളിൽ അധികാരത്തിൽ വന്ന മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ജനാധിപത്യം അപ്പാടെ കശാപ്പുചെയ്തു. ഈ രണ്ടു കക്ഷികളും ചേർന്ന‌് സംസ്ഥാനത്ത് വർഗീയ വികാരം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയും അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു. ബംഗാളിന്റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിലും രണ്ടു കൂട്ടരും തുല്യപങ്കാണ് വഹിക്കുന്നത്. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവത്തിലും തൃണമൂലിനും ബിജെപിക്കും ഒരേപോലെ പങ്കുണ്ട‌്. പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ‌് ഇവർ പ്രവർത്തിക്കുന്നത്. ഇവരെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്റെ ഭാവിക്ക‌് അത്യാവശ്യമാണ്–-അദ്ദേഹം പറഞ്ഞു. ബംഗാളിൽ തൃണമൂലിന് ബദൽ ബിജെപിയാണെന്ന‌് വരുത്തിത്തീർക്കാനുള്ള പ്രചാരണമാണ് ദേശീയ തലത്തിൽ മാധ്യമങ്ങളുടേത‌്.  ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ബോധപൂർവം  നടത്തുന്ന പ്രചാരണമാണിത്. എന്നാൽ, ഇടതുമുന്നണിയും തൃണമൂലും തമ്മിലാണ് മുഖ്യപോരാട്ടം. മമതയുടെ അക്രമ രാഷ്ട്രീയവും അഴിമതിയും മടുത്ത ജനങ്ങൾ വീണ്ടും ഇടതുമുന്നണിയിലേക്ക് തിരികെവരികയാണ‌്. ഒരിക്കലും തൃണമൂലിന് ബദലായി ബിജെപിയെ ബംഗാൾ ജനത അംഗീകരിക്കില്ല. ദേശീയ തലത്തിൽ ബിജെപി പരാജയപ്പെടുമെന്ന‌് ഏതാണ്ട‌് തീർച്ചയായി. അഞ്ചുവർഷമായി മോഡി സർക്കാർ നടപ്പാക്കിയ ഒരു കാര്യവും എടുത്തുകാട്ടാനില്ലാത്തതിനാലാണ് രാജ്യസുരക്ഷയും പാകിസ്ഥാൻ ഭീതിയും പരത്തി ജനങ്ങളെ കബളിപ്പിക്കുന്നത്. രാജ്യസുരക്ഷയ്ക്കും ജനകീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും യഥാർഥ മതേതര ജനാധിപത്യ സർക്കാരാകാൻ ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും കാരാട്ട‌് ആഹ്വാനംചെയ്തു. Read on deshabhimani.com

Related News