പെഗാസസ്‌ ഫോൺ ചോർത്തൽ : സഭ സ്തംഭിപ്പിക്കുന്നത്‌ കേന്ദ്രം



ന്യൂഡൽഹി പെഗാസസ്‌ ഫോൺ ചോർത്തലിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അടിയന്തരമായി  ഉന്നതാധികാര ജുഡീഷ്യൽ അന്വേഷണം വേണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു. ഫോൺ ചോർത്തലിൽ ചർച്ചയില്ലെന്ന മോഡി സർക്കാരിന്റെ പിടിവാശിയിൽ പാർലമെന്റ്‌ തുടർച്ചയായി സ്‌തംഭിക്കുന്നു. ഭരണഘടനപ്രകാരം പാർലമെന്റിൽ സത്യാവസ്ഥ വെളിപ്പെടുത്താന്‍ സർക്കാർ ഒരുക്കമല്ല. ഇസ്രയേൽ കമ്പനിയായ എൻഎസ്‌ഒയിൽനിന്ന്‌ പെഗാസസ്‌ വാങ്ങിയിട്ടുണ്ടോ ഇല്ലയോയെന്ന്‌ വ്യക്തമാക്കാനും പ്രധാനമന്ത്രി തയ്യാറല്ല. ആയുധമായി പരിഗണിക്കപ്പെടുന്ന ചാര സോഫ്‌റ്റ്‌വെയറാണ്‌ പെഗാസസ്‌. രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, മുൻ സിബിഐ മേധാവി, മുൻ തെരഞ്ഞെടുപ്പ്‌ കമീഷണർ തുടങ്ങിയവർ നിരീക്ഷണ പട്ടികയിലുള്ളത്‌ ആശങ്കാജനകമാണ്‌.  സ്വകാര്യതയ്‌ക്ക്‌ നേരെയുള്ള കടന്നാക്രമണം മാത്രമായി ഇതിനെ കാണാനാകില്ല. ജനാധിപത്യത്തെ സംരക്ഷിച്ചു നിർത്തുന്ന സ്ഥാപനങ്ങൾക്ക്‌ നേരായ ആക്രമണം ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുന്നതിന്‌ തുല്യമാണ്‌–- പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി.   Read on deshabhimani.com

Related News