പിഎഫ്‌ വിജ്ഞാപനം സങ്കീർണം ; വിധി അട്ടിമറിക്കാൻ ഗൂഢാലോചന



തിരുവനന്തപുരം പിഎഫ്‌ പെൻഷൻ കേസിൽ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം വന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‌ ഇപിഎഫ്‌ഒ ഇറക്കിയ വിജ്ഞാപനം സങ്കീർണമാക്കിയതിനു പിന്നിൽ വിധി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കമെന്ന്‌ സംശയം. വിധിയിൽ പല ഭാഗത്തുമുള്ള അവ്യക്തതയും വൈരുധ്യങ്ങളും വിധി നടപ്പാക്കാതിരിക്കാനുള്ള പഴുതുകളായി ഉപയോഗിക്കുകയാണ്‌. വിധിയിൽ വ്യക്തമായി പറഞ്ഞ കാര്യങ്ങളിൽ വിജ്ഞാപനം കണ്ണടയ്ക്കുന്നു. ഈ സാഹചര്യത്തിൽ വിധിയുടെ പുനഃപരിശോധനയ്ക്കും വ്യക്തതയ്ക്കും വേണ്ടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ പിഎഫ്‌ പെൻഷൻ സംഘടനകൾ. വിധിയും വിജ്ഞാപനവും പ്രശ്നങ്ങളും പെൻഷൻകാർക്ക്‌ വിശദീകരിക്കുന്നതിന്‌ പെൻഷനേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ശിൽപ്പശാലകളും നടക്കുന്നുണ്ട്‌. സുപ്രീംകോടതി വിധിയിൽ 2014ന്‌ മുമ്പ്‌ വിരമിച്ചവരെയും ശേഷം വിരമിച്ചവരെയും സർവീസിൽ തുടരുന്നവരെയും പരാമർശിക്കുന്നുണ്ട്‌. എന്നാൽ, വിജ്ഞാപനം വന്നപ്പോൾ 2014ന്‌ ശേഷം വിരമിച്ചവരെക്കുറിച്ച്‌ മിണ്ടുന്നില്ല. ഹയർ ഓപ്ഷൻ നൽകാൻ കട്ട്‌ ഓഫ്‌ ഡേറ്റ്‌ വയ്ക്കുന്നത്‌ ശരിയല്ല എന്ന  ആർ സി ഗുപ്ത കേസിലെ വിധിന്യായ പ്രകാരം നിർദേശം നൽകണമെന്ന്‌ വിധിയിൽ ഒരു ഭാഗത്ത്‌ പറയുന്നുണ്ട്‌. എന്നാൽ, മറ്റൊരു ഭാഗത്ത്‌ 2014ന്‌ മുമ്പ്‌ വിരമിച്ചവർ വിരമിക്കുന്നതിനുമുമ്പ്‌ ഓപ്ഷൻ നൽകിയിട്ടില്ല എന്നതിനാൽ അവർക്ക്‌ ഉയർന്ന പെൻഷന്‌ അർഹതയില്ല എന്നും പറയുന്നു. ഇത്തരം വൈരുധ്യങ്ങൾ വിധിയിലുണ്ടെന്നതിനാൽ കോടതി വ്യക്തത വരുത്തേണ്ടതുണ്ട്‌. വിധിക്കുശേഷം നാലുമാസംകൂടി ഉയർന്ന പെൻഷൻ ലഭിക്കുന്നതിന്‌ അവസരം നൽകണമെന്നും ഓപ്ഷൻ നൽകി 2014ന്‌ മുമ്പ്‌ വിരമിച്ചവർക്ക്‌ അത്‌ പുതുക്കാനും അവസരം നൽകണമെന്നും വിധിയിലുണ്ട്‌. ഈ ഭാഗങ്ങളും വിജ്ഞാപനത്തിലില്ല.വിധി വന്ന്‌ ഇത്ര നാളായിട്ടും ഇതു സംബന്ധിച്ച അറിയിപ്പോ വിശദീകരണമോ അംഗങ്ങൾക്ക്‌ നൽകാൻ ഇപിഎഫ്‌ഒ തയ്യാറായിട്ടില്ല. ഉയർന്ന പെൻഷൻ ഇപിഎഫ്‌ഒയ്ക്ക്‌  സാമ്പത്തികബാധ്യത വരുത്തുമെന്നാണ്‌ കേന്ദ്ര സർക്കാർ വാദം. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാതിരിക്കാനും  നിയമഭേദഗതി കൊണ്ടുവന്ന്‌ അട്ടിമറിക്കാനുമാണ്‌ നീക്കമെന്ന ആശങ്കയാണ്‌ പെൻഷൻകാർക്കുള്ളത്‌. ഉയർന്ന പെൻഷൻ : 
പോർട്ടലിൽ
പ്രത്യേക ലിങ്ക്‌ തൊഴിലുടമയുമായി ചേർന്ന്‌ ഉയർന്ന പെൻഷനായുള്ള ജോയിന്റ്‌ ഓപ്‌ഷൻ നൽകാൻ ഓൺലൈനിൽ സൗകര്യമൊരുക്കി ഇപിഎഫ്‌ഒ. ഉയർന്ന പെൻഷനായുള്ള അപേക്ഷാ ഫോറം ലഭിക്കുന്നതിന്റെ രജിസ്ട്രേഷൻ പ്രക്രിയക്കാണ്‌ ഇപിഎഫ്‌ഒ വെബ്‌പോർട്ടലിലൂടെ തുടക്കമായത്‌. ഇപിഎഫ്‌ഒയുടെ വെബ്‌പോർട്ടലിൽ പ്രത്യേക ലിങ്കായാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌. 2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവർക്കാണ്‌ നിലവിൽ ഓപ്‌ഷൻ നൽകാനാവുക. ഇവർ വിരമിക്കുംമുമ്പ്‌ തൊഴിലുടമയുമായി ചേർന്ന്‌ ജോയിന്റ്‌ ഓപ്‌ഷൻ നൽകിയവരാകണം. പെൻഷൻ പേമെന്റ്‌ ഓർഡർ, ആധാർ നമ്പർ, പേര്‌, ജനന തീയതി വിവരങ്ങളും നൽകണം. മൊബൈൽ നമ്പരും കൈമാറണം. സുപ്രീംകോടതി നിർദേശപ്രകാരമാണ്‌ ഇതെന്ന്‌ പ്രത്യേകം അറിയിച്ചിട്ടുമുണ്ട്‌. Read on deshabhimani.com

Related News