ഇന്ധന വിലവർധന : പ്രക്ഷോഭമുയര്‍ത്താന്‍ കര്‍ഷകരും



ന്യൂഡൽഹി തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെയും കർഷകസംഘടനകൾ പ്രക്ഷോഭത്തിലേക്ക്‌. തുടർച്ചയായ ഇന്ധന വിലവർധന കർഷകർക്കും വലിയ തിരിച്ചടിയാണെന്ന്‌ സംയുക്ത കിസാൻമോർച്ച. ഇന്ധന വിലവർധനയും കൃഷിച്ചെലവ്‌ ഉയരാൻ കാരണമായി‌.  ഉൽപന്നങ്ങൾ വിപണികളിലെത്തിക്കാന്‍ ചെലവ് കൂടി.  അതും കർഷകരുടെ പ്രക്ഷോഭ വിഷയമാണ്‌. ഹരിയാനയിലെ ജജ്ജാറിലും റിവാരിയിലും ശനിയാഴ്‌ച കർഷകർ ഇന്ധന വിലവർധനയ്‌ക്കെതിരായി പ്രതിഷേധിച്ചു. മറ്റിടങ്ങളിലും പ്രതിഷേധമുയരും. ചണ്ഡിഗഢിൽ ശനിയാഴ്‌ച മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. നഗരവാസികളും‌ പിന്തുണയുമായെത്തി. വ്യാഴാഴ്‌ച രാജസ്ഥാനിലെ റായ്‌സിങ്‌ നഗറിലും വെള്ളിയാഴ്‌ച ഹനുമൻഗഢിലും മഹാപഞ്ചായത്തുകൾ ചേർന്നു. തെലങ്കാനയിലെ സൂര്യപ്പെട്ടിലും ഹരിയാനയിലെ ഹിസാറിലും മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചു. യുപിയിലെ ഉന്നാവോയിൽ ദളിത്‌ പെൺകുട്ടികൾ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഗാസിപുർ അതിർത്തിയിലെ കർഷകസമര കേന്ദ്രത്തിൽ യുവാക്കളും കർഷകരും പ്രതിഷേധം സംഘടിപ്പിച്ചു. കൃഷിമന്ത്രിയുടെ നാടായ മധ്യപ്രദേശിൽ കർഷകസമരത്തെ അടിച്ചമർത്താൻ ബിജെപി സർക്കാർ ശ്രമിക്കുകയാണെന്ന്‌ കിസാൻ മോർച്ച ചൂണ്ടിക്കാട്ടി. റെയിൽ തടയലുമായി ബന്ധപ്പെട്ട്‌ നൂറോളം കർഷകരെ അറസ്‌റ്റുചെയ്‌തു. ഫൂൽബാഗിൽ 57 ദിവസമായി തുടരുന്ന സമരകേന്ദ്രത്തിൽ ടെന്റുകളും മറ്റ്‌ സാമഗ്രികളും പൊലീസ്‌ ബലമായി നീക്കി. Read on deshabhimani.com

Related News