പെഗാസസ്‌ ചോർത്തൽ : റിപ്പോർട്ട് നല്‍കാന്‍ 
നാലാഴ്ച കൂടി ; സാങ്കേതിക സമിതി ഇതുവരെ 
29 മൊബൈൽ പരിശോധിച്ചു



ന്യൂഡൽഹി ഇസ്രയേല്‍ ചാരസോഫ്‌‌റ്റ്‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ രാജ്യത്ത് വ്യാപകമായ വിവരംചോര്‍ത്തിയത് അന്വേഷിക്കുന്ന സാങ്കേതികസമിതിക്ക്‌ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ നാലാഴ്‌ചകൂടി അനുവദിച്ച് സുപ്രീംകോടതി. ഇതുവരെ 29 മൊബൈൽഫോണില്‍ സൂക്ഷ്‌മ പരിശോധന ന‌ടത്തിയെന്ന് സമിതി കോടതിയെ അറിയിച്ചു. പരിശോധനയ്‌ക്ക് പ്രത്യേക സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്‌. സർക്കാരിനും വിവിധ ഏജൻസിക്കും വ്യക്തികൾക്കും നോട്ടീസ്‌ അയച്ചിട്ടുണ്ടെന്നും സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. നാലാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ റിപ്പോർട്ട്‌ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കുന്ന മുൻ ജഡ്‌ജി ആർ വി രവീന്ദ്രനു സമർപ്പിക്കണമെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്‌, ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളുമായ ബെഞ്ച്‌ നിർദേശിച്ചു. ഇടക്കാല റിപ്പോർട്ടിന്റെ പകർപ്പ്‌ കക്ഷികൾക്ക്‌ കൈമാറണമെന്ന്‌ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ഇതിനെ ശക്തമായി എതിർത്തു. അന്തിമ റിപ്പോർട്ട്‌ പരിശോധിച്ച്‌ മേൽനോട്ടം വഹിക്കുന്നയാളുടെ നിഗമനം കൂട്ടിച്ചേർത്ത്‌ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കു വിടുന്നതാണ്‌ നടപടിക്രമം. ജൂൺ ഇരുപതിനുള്ളിൽ നടപടിക്രമം പൂർത്തിയാക്കാനാകുമെന്ന് ഇടക്കാല റിപ്പോർട്ടിലുണ്ട്. വേനലവധിക്കുശേഷം  ജൂലൈയിൽ കേസ്‌ വീണ്ടും പരിഗണിക്കും. പെഗാസസ്‌ ആയുധമാക്കി കേന്ദ്ര സർക്കാർ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തിയെന്ന മാധ്യമവെളിപ്പെടുത്തലിനെ കുറിച്ച്  അന്വേഷിക്കാനാണ്‌ സുപ്രീംകോടതി സാങ്കേതികസമിതിക്ക്‌ രൂപംകൊടുത്തത്‌. മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ്‌ എംപി തുടങ്ങിയവരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.   Read on deshabhimani.com

Related News